arrest

എടക്കര: തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട ചുങ്കത്തറയിലെ മൊബൈൽ വ്യാപാരിയിൽ നിന്നും വില കൂടിയ മൂന്ന് മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ എറണാകുളം ഇടപ്പള്ളി അമൃതം ഗൗരിയിൽ കിഷോർ ശങ്കറിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 27ന് വ്യാപാര ആവശ്യാർത്ഥം ചെന്നൈയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്ത വ്യാപാരിയെ കിഷോർ ശങ്കറും കൂട്ടുകാരനും പരിചയപ്പെട്ടിരുന്നു. തീർത്ഥാടകന്റെ രൂപത്തിൽ യാത്ര ചെയ്തിരുന്ന ഇയാൾ കാനറ ബാങ്ക് മാനേജരാണെന്നും കൂടെയുള്ള സുഹൃത്ത് വിജയവാഡയിൽ ഡോക്ടറാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകൾ വേണമെന്നും മഞ്ചേരിയിലെ ബാങ്കിൽ ഓഡിറ്റിനായെത്തുമ്പോൾ ഇവ നൽകണമെന്നും ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ചുങ്കത്തറയിലെ കടയിലെത്തി പരിചയം പുതുക്കി 27,​000 രൂപ വില വരുന്ന മൂന്ന് ഫോണുകൾ വാങ്ങി. എന്നാൽ ഇന്റർനെറ്റ് തകരാർ കാരണം പണം ഗൂഗിൾപേ വഴി നൽകാവുന്നില്ലെന്നും നെറ്റ് ശരിയാകുമ്പോൾ അയക്കാമെന്നും പറഞ്ഞ് ഫോണുമായി മടങ്ങി. തുടർന്ന് കടയുടമ പലതവണ ഫോണിൽ വിളിച്ചെങ്കിലും പണം നൽകിയില്ല. ബാങ്കിൽ നിന്നും വായ്പ ശരിയാക്കിത്തരാമെന്ന് ഉറപ്പ് നൽകിയ ഇയാൾ ബാങ്കിന്റെ പ്രൊസസിംഗ് ചെലവിലേക്കായി 5,​000 രൂപയും ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ വ്യാപാരി പൊലീസിനെ വിവരമറിയിച്ചു. മഞ്ചേരിയിൽ മറ്റൊരു തട്ടിപ്പിനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2021ൽ തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ ജയിൽവാസത്തിനിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു.