
ആലുവ: ഇടപ്പള്ളി - പൂക്കാട്ടുപടി റൂട്ടിൽ സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന 13,000 രൂപ ആധാർ കാർഡ്, ഇലക്ഷൻ കാർഡ്, എ.ടി.എം കാർഡുകൾ എന്നിവ അടങ്ങിയ പഴ്‌സ് കവർന്ന കേസിൽ തമിഴ്‌നാട് മധുര മീനാക്ഷി അമ്മാൻ കോവിൽ തെരുവിൽ താമസിക്കുന്ന മാരി (20) യെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.
ആറാം തീയതി കങ്ങരപ്പടിയിൽ നിന്നും ബസിൽ കയറി പൂക്കാട്ടുപടിയിൽ ഇറങ്ങിയ സ്ത്രീയുടെ കൈവശമുള്ള ബാഗിന്റെ സിബ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ട് പരിശോധിച്ചപ്പോഴാണ് പണവും മറ്റ് സാധനങ്ങളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടൻ എടത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തി വരവേ വീണ്ടും മോഷണം നടത്തുന്നതിനായി മറ്റൊരു ബസിൽ യാത്ര ചെയ്തു വന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ കെ.ബി. ഹരികൃഷ്ണൻ, എസ്.ഐ അജയകുമാർ, സീനിയർ സി.പി.ഒമാരായ മുഹമ്മദ്കുഞ്ഞ്, ഷെബിൻ, സി.പി.ഒമാരായ ജോബി ജോസഫ്, അനീഷ്, ഇൻഷാദ പരീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.