
യുക്രൈനെതിരെ യുദ്ധം ചെയ്യാൻ മലയാളികളടക്കം ഇന്ത്യൻ യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. തിരുവനന്തപുരത്തെ ഏജൻസി വഴി പത്തിലേറെ മലയാളികളെ ഇതിനകം റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. റിക്രൂട്ട്മെന്റ് ഏജൻസികൾ റെയ്ഡ് ചെയ്ത് രേഖകളും വിവരങ്ങളും പിടിച്ചെടുത്ത സി.ബി.ഐ, 3 മലയാളികളടക്കം 19 പേർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
റഷ്യൻ സർക്കാരിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ ഈടാക്കിയാണ് ഇവർക്കെല്ലാം വിസ നൽകിയത്. മികച്ച ജോലിയും നിറമുള്ള ജീവിതം സ്വപ്നം കണ്ട് വിമാനം കയറിയവർ ഇപ്പോൾ ആയുധമെടുത്ത് യുദ്ധമുഖത്ത് പോരാടുകയാണ്. ഇതിനകം രണ്ട് ഇന്ത്യക്കാർക്ക് യുദ്ധമുഖത്ത് യുക്രൈനിന്റെ മിസൈൽ ആക്രമണത്തിൽ ജീവൻ നഷ്ടമായി.
സമൂഹമാദ്ധ്യമങ്ങളിൽ റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി, ഹെൽപ്പർ, സെക്യൂരിറ്റി ഓഫീസർ ജോലികൾ വാഗ്ദാനം ചെയ്താണ് മോസ്കോയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും മൂന്നുലക്ഷം രൂപ നൽകിയാണ് മിക്കവരും വിസ വാങ്ങിയത്. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ഉറപ്പുനൽകിയാണ് യുവാക്കളെ കൊണ്ടുപോയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്ട്മെന്റ്. ഇവരുടെ കുടുംബം, സാമൂഹ്യ പശ്ചാത്തലം പരിശോധിച്ച് ചാരന്മാരല്ലെന്ന് ഉറപ്പാക്കി. പണം നൽകി 5 ദിവസം കൊണ്ട് വിസ നൽകുന്നതായിരുന്നു ഏജന്റുമാരുടെ രീതി.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് നേരിട്ട് മോസ്കോയിലേക്കും ചിലരെ കൊണ്ടുപോയി. മറ്റു ചിലരെ ഇവിടെ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മോസ്കോയിലേക്കും കൊണ്ടുപോയി. സമൂഹമാദ്ധ്യമങ്ങളിലൂടെ 1.95 ലക്ഷം പ്രതിമാസ ശമ്പളവും 50,000രൂപ അലവൻസുകളുമായിരുന്നു എല്ലാവർക്കുമുള്ള വാഗ്ദാനം. എല്ലാവരെയും റഷ്യയിലെത്തിച്ചതോടെ ഏജന്റുമാരുടെ മട്ടുമാറി. റഷ്യയിലെത്തിയ ഉടൻ യുവാക്കളുടെ പാസ്പോർട്ട് ഏജന്റുമാർ പിടിച്ചെടുത്തു. എല്ലാവരേയും തോക്കുപയോഗിക്കാനും ബങ്കറിൽ ഒളിക്കാനുമെല്ലാം പഠിപ്പിച്ചു. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്റെ യൂണിഫോം ധരിപ്പിച്ച് ആയുധം നൽകി യുക്രൈനുമായുള്ള യുദ്ധമുഖത്തെത്തിച്ചു. യുദ്ധമുഖത്ത് മിസൈലാക്രമണത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
യുക്രൈനുമായുള്ള യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തോട് ചേർന്ന് 35 ഇന്ത്യാക്കാരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റഷ്യൻ ആർമിയിൽ സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‌ഫാൻ (30) കൊല്ലപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ സൂറത്ത് സ്വദേശി ഹെമിൽ അശ്വിൻഭായ് മാൻഗുകിയ (23) റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രൈനിലെ ഡൊണെസ്കിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മോസ്കോയിൽ സെക്യൂരിറ്റി ഹെൽപ്പർമാരായി റിക്രൂട്ട് ചെയ്തവരെ അവിടെ എത്തിയപ്പോൾ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈൻ അതിർത്തിയിലേക്ക് അയയ്ക്കുകയായിരുന്നു.
ഇന്റർപോളുമായി ചേർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സി.ബി.ഐ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ പൗരന്മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യ - യുക്രൈയിൻ യുദ്ധത്തിൽ ഇരുപക്ഷത്തും വൻ ആൾ നാശമുണ്ടായതിനെത്തുടർന്നാണ് റഷ്യ യുദ്ധത്തിന് യുവാക്കളെ വാടകയ്ക്കെടുക്കുന്നത്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് തടയാൻ ഇന്ത്യ കർശന നിയന്ത്രണമേർപ്പെടുത്തി. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന് ജാഗ്രതാ നിർദ്ദേശം കൈമാറിയിട്ടുണ്ട്. പക്ഷേ, യുവാക്കളെ നേരിട്ട് റഷ്യയിലേക്ക് കൊണ്ടുപോവാതെ ഗൾഫിലെത്തിച്ച് അവിടെ നിന്ന് റഷ്യയിലേക്ക് കൊണ്ടുപോവുന്നത് തടയുകയാണ് ഇമിഗ്രേഷൻ വിഭാഗത്തിനു മുന്നിലുള്ള വെല്ലുവിളി.
കടത്തിയത്
മലയാളികൾ
റഷ്യയിലേക്ക് യുവാക്കളെ കടത്തിയതിന് തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമി രാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്സൺ എന്നിവരെയാണ് പ്രതികളാക്കി സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് കുറ്റങ്ങൾക്ക് ഐ.പി.സി 120(ബി), 420, 370 വകുപ്പുകൾ ചുമത്തി.
തിരുവനന്തപുരം കഴക്കൂട്ടത്തെയും തകരപ്പറമ്പിലെയും ഏജൻസികൾ റെയ്ഡ് ചെയ്ത സി.ബി.ഐ റഷ്യയിലേക്ക് കടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ഇതിനായി ഇന്റർപോളിന്റെയും റഷ്യയുടെയും സഹായം തേടിയിട്ടുണ്ട്. ഇപ്പോൾ റഷ്യയിലുള്ള സന്തോഷ്, രാജസ്ഥാൻ സ്വദേശി മൊഹിയുദ്ദീൻ ചിപ്പ, റഷ്യക്കാരി ക്രിസ്തീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്മെന്റ്. ഇവരെയെല്ലാം സി.ബി.ഐ പ്രതികളാക്കി. ഡൽഹി, മുംബയ്, ഹരിയാന, താനെ എന്നിവിടങ്ങളിലെ റിക്രൂട്ടിംഗ് ഏജൻസികളുടെ ഏജന്റുമാരാണ് കേരളത്തിലടക്കം മനുഷ്യക്കടത്ത് നടത്തിയത്. കേരളത്തിൽ നിന്ന് ഇനിയും പ്രതികളുണ്ടാവുമെന്ന് സി.ബി.ഐ പറഞ്ഞു.
ചേർത്തത്
വാഗ്നർ ഗ്രൂപ്പിൽ
റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്ന കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിലാണ് മലയാളികളെയടക്കം ചേർത്തതെന്നാണ് സൂചന. യുക്രൈയിൻ യുദ്ധമുഖത്ത് മാത്രം വാഗ്നർ കൂലിപ്പട്ടാളം അരലക്ഷത്തോളം വരുമെന്നാണ് വിവരം. ഇവരിലേറെയും പരിചയസമ്പന്നരായ മുൻ സൈനികരാണ്. 2015 മുതൽ വാഗ്നർ കൂലിപ്പട്ടാളം സിറിയയിലും സർക്കാർ സേനയ്ക്കൊപ്പമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നവരെ വാഗ്നർ ഗ്രൂപ്പിനൊപ്പം നിയോഗിക്കുകയാണ് പതിവ്.
റഷ്യയിലെ സ്വകാര്യ സേനയാണെങ്കിലും വാഗ്നർ സംഘത്തിന്റെ പ്രവർത്തന ചെലവ് വഹിക്കുന്നത് റഷ്യൻ സർക്കാരാണ്. വാഗ്നർ ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് റഷ്യൽ പ്രസിഡന്റ് പുടിൻ സമ്മതിച്ചിട്ടുണ്ട്. യുക്രൈയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ വർഷം മാത്രം വാഗ്നർ ഗ്രൂപ്പിന് 8626.2 കോടി റൂബിളാണ് റഷ്യൻ സർക്കാർ നൽകിയത്. ഗ്രൂപ്പിന്റെ തലവനായിരുന്ന യെവ്ജെനി പ്രിഗോഷിൻ ആഗസ്റ്റ് 23ന് മോസ്കോയ്ക്ക് സമീപം സ്വകാര്യ വിമാനം തകർന്ന് കൊല്ലപ്പെട്ടിരുന്നു.