c

കേരളത്തിന്റെ ദാഹജലം മുട്ടിക്കും വിധം കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമായി താഴുമ്പോൾ അതിനുള്ള പരിഹാരമാർഗങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ടതാണ്. എന്നാൽ കെട്ടിടങ്ങളിൽ മഴവെള്ള സംഭരണി നിർബന്ധമാക്കിയുള്ള നിയമം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അട്ടിമറിക്കപ്പെടുന്ന വിവരമാണ് ഞങ്ങളുടെ ലേഖകൻ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തത്.

ഇരുപതു വർഷം മുമ്പാണ് മഴവെള്ള സംഭരണി നിർബന്ധമാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്. 2011ൽ ചട്ടം പുതുക്കി. 1500 സ്‌ക്വയർ ഫീറ്റിനും എട്ടുസെന്റിനും മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർബന്ധമാക്കി. 2019ൽ വീണ്ടും അതിൽ പരിഷ്കരണം വരുത്തുകയും അഞ്ചുസെന്റിൽ മൂവായിരം സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഒഴികെ ബാധകമാക്കി. ഈ പരിധിയിൽ വരുന്ന വീടുകൾ, ഫ്ളാറ്റുകൾ, ഓഫീസ് സമുച്ചയങ്ങൾക്കെല്ലാം മഴവെള്ള സംഭരണി നിർബന്ധമാക്കിയെങ്കിലും പലരും അത് പാലിക്കുന്നില്ല. നിയമം ബാധകമാക്കിയിട്ടുള്ള കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണിയില്ലാതെ നമ്പർ നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥ. പ്ളാനിൽ മഴവെള്ള സംഭരണിയും ചേർത്താണ് കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കേണ്ടതും. തദ്ദേശ സ്ഥാപനങ്ങൾ അമ്പതു ശതമാനം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് പതിനായിരം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള സംഭരണിയാണ് വേണ്ടത്. ഫെറോ സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന അത്തരം സംഭരണികൾക്ക് ജലനിധി 90 ശതമാനം ചെലവും വഹിക്കും. പക്ഷേ ഇതേക്കുറിച്ചൊന്നും ജനങ്ങൾക്ക് പൊതുവേ ധാരണയില്ല. ഇക്കാര്യത്തിൽ വേണ്ടത്ര ബോധവത്‌കരണം ഉണ്ടാകാത്തതിനാൽ മഴവെള്ള സംരണിയുടെ കാര്യത്തിൽ പൊതുവെ ജനങ്ങൾ താത്‌പര്യം കാട്ടുന്നില്ലെന്നാണ് അറിയുന്നത്.അതിനുള്ള അടിയന്തര ശ്രമങ്ങൾ ജലവിഭവ വകുപ്പ് ചെയ്യേണ്ടിയിരിക്കുന്നു.

ഭൂഗർഭ ജലവിതാനം വലിയതോതിൽ താഴുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2022-ൽ ഭൂജലവിതാനം 13 അടി ആയിരുന്നെങ്കിൽ ഇപ്പോൾ പത്തിനു താഴെയായിരിക്കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 152 ബ്ളോക്കുകളിൽ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ അതീവ ഗുരുതര വിഭാഗത്തിൽ മൂന്നു ബ്ളോക്കുകളും ഭാഗിക ഗുരുതര വിഭാഗത്തിൽ 30 ബ്ളോക്കുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വേനൽ മഴ ലഭിക്കാത്തതിനാൽ ഡാമുകളിലെ ജലനിരപ്പും ഗണ്യമായി താഴ്‌ന്നുതുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് പല ജില്ലകളിലും കിണറുകൾ വറ്റിവരണ്ടുതുടങ്ങിയിട്ടുണ്ട്. രണ്ടര മീറ്ററോളം കിണറുകളിലെ ജലനിരപ്പ് താണതായിട്ടാണ് റിപ്പോർട്ട്. ജലസംരക്ഷണത്തിന് അത്യാവശ്യമായ കാര്യങ്ങളിൽ പ്രധാനമാണ് മഴവെള്ള സംഭരണി. കെട്ടിട പെർമിറ്റ് നൽകുന്നവർ മഴവെള്ള സംഭരണി ഉണ്ടോയെന്ന് വ്യക്തമായ പരിശോധന നടത്തണം. എന്തെങ്കിലും നക്കാപ്പിച്ച കൈക്കൂലി വാങ്ങി അതിൽനിന്ന് ഒഴിവാക്കി കൊടുക്കാൻ നോക്കുന്നത് നാടിനോടു ചെയ്യുന്ന അപരാധമായിരിക്കും. പുതിയ കെട്ടിടങ്ങൾക്കു മാത്രമല്ല പഴയ കെട്ടിടങ്ങൾക്കും മഴവെള്ള സംഭരണിയും ഭൂജല പരിപോഷണ മാർഗങ്ങളും നിയമം മൂലം ഉറപ്പാക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കടുത്ത വരൾച്ചയിലേക്കു നീങ്ങുകയാണ് നാട്. വേനൽമഴ പ്രതീക്ഷിച്ചു കഴിയുമ്പോൾ മഴവെള്ള സംഭരണിയുടെ പ്രയോജനം ഉൾക്കൊള്ളണം. അധികൃതർ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലിത്. ജനങ്ങൾ കൂടി സഹകരിക്കണം. തദ്ദേശ വാർഡുകളിലെ കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളുമെല്ലാം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം.