photo

നെയ്യാറ്റിൻകര: കോടികൾ മുടക്കിയിട്ടും നോക്കുകുത്തിയായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ്. 10വർഷങ്ങൾക്കു മുമ്പ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രണ്ടാം നിലയിലാണ് ട്രോമാ കെയർ യൂണിറ്റ് ആദ്യം സ്ഥാപിച്ചത്. എന്നാൽ ഈ കെട്ടിടത്തിലേക്ക് ഒരു ആംബുലൻസിന് വരാനുള്ള വഴി പോലുമില്ല. പിന്നീട് പല സാങ്കേതിക കാരണങ്ങളാൽ ഈ കെട്ടിടം ഓപ്പറേഷൻ തിയേറ്ററാക്കി മാറ്റി.

പിന്നീട് 2020-2021 കാലഘട്ടത്തിൽ ആദ്യം 7 കോടിയും പിന്നീട് 6 കോടിയും മുടക്കി വിവിധ പരിഷ്ക്കാരങ്ങൾ വരുത്തിയെങ്കിലും ആശുപത്രി അങ്കണത്തിലെ പഴയ കെട്ടിടത്തിൽ തിയേറ്ററും ആംബുലൻസും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചു. എന്നാൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ല. ഒപ്പം ഐ.സി.യുവും ഇല്ലാത്തതിനാൽ ഇപ്പോഴും ട്രോമാ കെയർ യൂണിറ്റ് വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയാതെ നോക്കുകുത്തിയായി നിലകൊള്ളുന്നു. നാലുതവണ ട്രോമാ കെയർ യൂണിറ്റ് നിരവധി കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും അപകടത്തിൽപ്പെട്ടെത്തുന്ന രോഗികൾക്ക് മെഡിക്കൽ കോളേജിനെയോ അടുത്തുള്ള സ്വകാര്യ ആശുപത്രിയെയോ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്.

 ആശ്രയം മറ്റ് ആശുപത്രികൾ

ഒരു ജില്ലയിൽ ഒരു ജനറൽ ആശുപത്രിക്ക് മാത്രം ട്രോമാ കെയർ മതിയെന്നുള്ള സർക്കാർ നയമാണ് ഇത്തരത്തിൽ ഇവയെല്ലാം അടച്ചുപൂട്ടാൻ ഇടയാക്കുന്നതെന്ന് കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങളാരോപിക്കുന്നു. ദേശീയപാതയിലും മറ്റും അപകടമുണ്ടായാൽ പരിക്കേറ്റ് എത്തുന്നവർക്ക് പെട്ടെന്ന് ശുശ്രൂഷ ലഭിക്കാനായിരുന്നു ട്രോമാ കെയർ ആരംഭിച്ചത്. കോടികൾ പലതവണ ചെലവഴിച്ചെങ്കിലും ഗുണം കണ്ടില്ല. പഴയ കെട്ടിടങ്ങൾ പെയിന്റടിച്ച് മിനുക്കുക മാത്രം ചെയ്തു. ജനറൽ ആശുപത്രിയെന്ന് പേരുണ്ടങ്കിലും അത്യാവശ്യത്തിന് എത്തുന്നവരെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.

ആശുപത്രിക്കു വേണ്ടത്

1. അനസ്തേഷ്യ സ്പെഷ്യലിസ്റ്റ്

2. സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള ജീവനക്കാർ

3.തിയേറ്റർ സ്പെഷ്യൽ നഴ്സ്

 ഐ.സി.യു വേണം

നിലവിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കാതായതോടെ ഇവിടേക്ക് വാങ്ങിയ ഉപകരണങ്ങൾ ആശുപത്രിയുടെ തന്നെ മറ്റ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിലേക്ക് മാറ്റി. ട്രോമാകെയറിൽ സ്ഥാപിച്ച ഓപ്പറേഷൻ തിയേറ്ററിനു വേണ്ടി വാങ്ങിയ പല ഉപകരണങ്ങളും ഇപ്പോൾ കാണാനില്ലെന്ന പരാതിയുമുണ്ട്. ആവശ്യത്തിന് ജീവനക്കരെ നിയമിക്കണമെന്നും ഐ.സി.യു യാഥാർത്ഥ്യമാക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.