a

കടയ്ക്കാവൂർ: പ്രധാന കവലകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. കടയ്ക്കാവൂരിൽ അക്രമവും മോഷണവും പെരുകിയതോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ വിഷൻ കടയ്ക്കാവൂർ എന്ന സംഘടന ക്യാമറകൾ സ്ഥാപിച്ചത്. വൈദ്യുതചാർജും അറ്റകുറ്റപ്പണികളും നാട്ടുകാരുടെ സഹായത്തോടെ വിഷൻ കടയ്ക്കാവൂരാണ് വഹിച്ചിരുന്നത്. പൗരസമിതിയുടെ നേതൃത്വത്തിൽ ക്യാമറയുടെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കടയ്ക്കാവൂരിലെ ഔവർ ടീം എന്ന സംഘടനയെ ഏൽപ്പിച്ചു. ഗുരുമന്ദിരത്തിലെ എസ്.എൻ.ഡി.പി ഹാളിലും പൊലീസ് സ്റ്റേഷനിലുമാണ് ആദ്യകാലങ്ങളിൽ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ചിരുന്നത്. എന്നാൽ സി.സി.ടി.വി ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് ക്യാമറയുടെ പ്രവർത്തനം ഒരു പുതിയ ജനകീയ കമ്മിറ്റിക്ക് രൂപം നൽകി കൺട്രോൾ യൂണിറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനുശേഷം വൈദ്യുത ബില്ലിനും ക്യാമറയുടെ അറ്റകുറ്റപ്പണികൾക്കുമായി നല്ലൊരു തുക മാസം വേണ്ടിവന്നിരുന്നു. ഈ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ ക്യാമറയുടെ പ്രവർത്തനം നിലച്ചു. ക്യാമറയുടെ പ്രവർത്തനം പൂർണമായും നിലച്ചിട്ട് ഇപ്പോൾ വർഷങ്ങളായി. ആദ്യമായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ക്യാമറകൾ പ്രവർത്തിച്ചിരുന്നത് ചെക്കാലവിളാകം,​ മീരാൻകടവ്, ഓവർ ബ്രിഡ്ജ്,​ റെയിൽവേ സ്റ്റേഷൻ പഞ്ചായത്ത് ഓഫീസ്, ​പെരുങ്ങേറ്റ് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ്. അടിയന്തരമായി ക്യാമറയുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.