കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പ്രദേശം ടൂറിസ്റ്റ് വില്ലേജാക്കണമെന്ന ആവശ്യം ഇപ്പോഴും കടലാസിൽത്തന്നെ. അഞ്ചുതെങ്ങ് ജലോത്സവക്കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിട്ട് മൂന്നുവർഷമാവുന്നു. അനുഭാവപൂർവ്വം സർക്കാർ അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മീരാൻകടവ് പാലത്തിന് താഴെയായി കുറച്ചധികം സ്ഥലം സർക്കാർ പുറമ്പോക്കായി കിടക്കുന്നു. വളരെ മനോഹരവും ടൂറിസ്റ്റ് സംരംഭങ്ങൾക്ക് അനുയോജ്യവുമായ ഈ പ്രദേശം പല സ്വകാര്യ വ്യക്തികളും കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ജലോത്സവക്കമ്മിറ്റിയുടെ ഇടപെടൽ മൂലം ഇത് തടയുകയായിരുന്നു. ഇന്ന് ഈ സ്ഥലം അറവു മാലിന്യങ്ങളാലും മറ്റു അവശിഷ്ടങ്ങളാലും നിറഞ്ഞിരിക്കുന്നു. മൂക്കുപൊത്തി പോലും ഇതുവഴി കടന്നുപോവാൻ കഴിയാത്ത അവസ്ഥയാണ്. ആൾസഞ്ചാരം കുറഞ്ഞതോടെ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി ഈ പ്രദേശം മാറി. കഞ്ചാവും മറ്റു ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തകൃതിയായി ഇവിടെ നടക്കുകയാണ്. പാലത്തിനു മുകളിലൂടെ സഞ്ചരിക്കുന്നവരെ ഇരുട്ടിന്റെ മറവിൽ പിടിച്ചുനിറുത്തി ആക്രമിക്കുകയും കൈയിലുള്ളവ അപഹരിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജലോത്സവക്കമ്മിറ്റി സമർപ്പിച്ച ടൂറിസം പദ്ധതി നടപ്പാക്കിയാൽ ഈ ശല്യങ്ങൾ ഒഴിഞ്ഞു പോകുമെന്നു മാത്രമല്ല കടയ്ക്കാവൂർ അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ വികസനത്തിനും ഇത് ഗുണമാകുമെന്ന് നാട്ടുകാർ പറയുന്നു.