lakshadeepam

ചിറയിൻകീഴ്: വൻ ഭക്തജനപ്രവാഹത്തിൽ പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രം. ശ്രീകോവിലിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിൽ ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ലക്ഷം വിളക്കുകൾ തെളിച്ചതോടെ പരിസരമാകെ ദീപനഗരിയായി മാറി. ലക്ഷദീപത്തിൽ പങ്കാളിയാവാനും ദർശിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തിയത്. ലക്ഷദീപത്തോടനുബന്ധിച്ച് ഭവനങ്ങളിലും ദീപങ്ങൾ തെളിച്ചിരുന്നു. ലക്ഷദീപ ചടങ്ങ് ക്ഷേത്രതന്ത്രി നാരായണ മംഗലത്ത് ശങ്കരരു നാരായണരു ഉദ്ഘാടനം ചെയ്തു. മേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റി, ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി.ജിജി, സെക്രട്ടറി എസ്.മുരളി, ട്രഷറർ എസ്.ആർ സുദേവൻ, സ്പോൺസർ സജീവ് അശോകൻ, അഹൻ എ.എസ്, അഹിൻ എ.എസ് തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യാഭിഷേകം, 9ന് കലശപൂജ, 10.30ന് കളഭാഭിഷേകം, 10.45ന് കളമെഴുത്തും പാട്ടും, 11.30ന് അന്നദാനം, ഉച്ചയ്ക്ക് 2ന് പറയ്ക്കെഴുന്നള്ളത്ത്, വൈകിട്ട് 5.30ന് ഭഗവതിസേവ, 6.45ന് കുങ്കുമാഭിഷേകം, രാത്രി 8ന് അത്താഴപൂജ, പാനക നിവേദ്യം, 8.30ന് ശ്രീഭൂതബലി, 9ന് കരോക്കെ ഗാനമേള. മീനത്തിരുവാതിര മഹോത്സവത്തിന് മുന്നോടിയായുള്ള തൃക്കൊടിയേറ്റ് ചടങ്ങിലും നിരവധി ഭക്തരെത്തിയിരുന്നു. 17ന് വെളുപ്പിന് 5ന് അഗ്നിക്കാവടി അഭിഷേകം,രാത്രി 7.30ന് പാൽക്കാവടി അഭിഷേകം,18ന് രാവിലെ 9.30ന് തിരുവാതിര പൊങ്കാല,വൈകിട്ട് 5.30ന് ആറാട്ടെഴുന്നള്ളത്ത്,10ന് നടക്കുന്ന തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.