vakkam

വക്കം: മാലിന്യം മൂടി കാടുപിടിച്ച്കിടക്കുന്ന നിലയ്ക്കാമുക്ക് മാർക്കറ്റിനുള്ളിൽ കയറാൻപോലും കഴിയാത്ത അവസ്ഥ. മത്സ്യവില്പന കേന്ദ്രത്തിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം മാർക്കറ്റിലെതന്നെ ടൊയ്‌ലെറ്റിനു സമീപത്ത് കെട്ടിക്കിടന്ന് പുഴുവരിച്ച നിലയിലാണ്. മാർക്കറ്റിനുള്ളിൽ ഉദ്ഘാടന മാമാങ്കത്തോടെ നടത്തിയ ഖരമാലിന്യസംസ്കരണ പ്ലാന്റ് ഒരു ദിവസം പോലും പ്രവർത്തിക്കാതെ പൂട്ടി. വെയിലും മഴയുമേറ്റ് മരച്ചില്ലകളിൽ കെട്ടിയ ടാർപ്പോളിന്റെ തണലിലാണ് ഇവിടുത്തെ വ്യാപാരികൾ കച്ചവടം ചെയ്യുന്നത്. ചൂട് കടുത്തതോടെ വ്യാപാരികൾ കഷ്ടത്തിലായി. ടൊയ്‌ലെറ്റ് ഉണ്ടെങ്കിലും അത് ഉപയോഗയോഗ്യമല്ല. ആകെയുള്ള ആശ്രയം ഇവിടുത്തെ വഴിയിടമാണ്. മാർക്കറ്റിലെ വിവിധയിടങ്ങളിൽ മതിലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. പുല്ലും പാഴ്ച്ചെടികളും വളർന്ന് ഇഴജന്തുക്കളുടെ താവളമാണ് മാർക്കറ്റിനകം. മാലിന്യം കുന്നുകൂടുന്നതോടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

 വ്യാപാരികൾ ദുരിതത്തിൽ

പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യത്തിൽ ചവിട്ടിവേണം മാർക്കറ്റിനുള്ളിൽ കയറാൻ. മീൻ, പച്ചക്കറി, മൺപാത്രങ്ങൾ, ഈറ്റ ഉത്പനങ്ങൾ, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് കച്ചവടത്തിനെത്തുന്നത്. രാവിലെ 9 മുതൽ ഉച്ചവരെയാണ് പ്രവർത്തനം. വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, മണമ്പൂർ പഞ്ചായത്തുകളിൽ നിന്ന് നിരവധി പേരാണ് കച്ചവടത്തിനും സാധനങ്ങൾ വാങ്ങുന്നതിനുമായി ചന്തയിലെത്തുന്നത്. വക്കം ഗ്രാമ പഞ്ചായത്തിന് മികച്ച വരുമാനം നൽകുന്ന ചന്തയിൽ ഒന്നാണിത്. ഏഴ് ലക്ഷത്തിന് പുറത്താണ് മാർക്കറ്റിന് ലേലം നടക്കുന്നത്. കച്ചവടത്തിനെത്തുന്നവർക്ക് സൗകര്യമില്ലെങ്കിലും ഇരിപ്പിടത്തിനായി 30 രൂപ കരം നൽകണം.

 വ്യാപാരികൾ റോഡിലേക്ക്

വൃത്തിഹീനമായ മാർക്കറ്റിനുള്ളിൽ മീൻ വാങ്ങാൻ പോലും ആളുകൾ എത്താതായി. ഇതോടെ കച്ചവടക്കാർ ഇപ്പോൾ നവീകരണപ്രവർത്തനം നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ സ്ലാബുകൾക്ക് മുകളിലേക്ക് മാറ്റി. ഇവിടെയാകട്ടെ റോഡ് പൂർത്തീകരിക്കാത്തതിനാൽ പൊടിശല്യം രൂക്ഷമാണ്. റോഡിന് വീതികുറഞ്ഞ ഈ പ്രദേശത്ത് വ്യാപാരം വർദ്ധിച്ചാൽ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാകുമെന്നത് ഉറപ്പാണ്.

 ഖരമാലിന്യ സംസ്കരണത്തിനായി 2014ൽ ഒരുക്കിയ സംവിധാനം ഒരു ദിവസം പോലും പ്രവർത്തിച്ചില്ല

 അറവുശാലയും പ്രവർത്തിക്കുന്നില്ല. തെരുവു‌നായ്ക്കൾ മാർക്കറ്റ് കൈയടക്കി

 മാർക്കറ്റിൽ കുടിവെള്ളമോ ഉപയോഗപ്രദമായ ടൊയ്‌ലെറ്റോ ഇല്ല.

**നവീകരണം വേണം

മാർക്കറ്റിനോടു ചേർന്ന് എൽ.പി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിൽ നിന്നുള്ള ദുർഗന്ധം സ്കൂളിലെ പ്രവർത്തനത്തെ ബാധിച്ചതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. മാർക്കറ്റിലേക്കുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.