
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ മേയ് മുതൽ 474 രൂപ മുതൽ 6362 രൂപവരെ വർദ്ധനയുണ്ടാവും. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന് ഒമ്പത് ശതമാനമായി ഉയർത്തി. സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാനം നേരിട്ട് ശമ്പളംകൊടുക്കുന്ന കേന്ദ സർവീസ് ഉദ്യോഗസ്ഥർക്കും ആറു ഗഡു ഡി.എ കുടിശ്ശികയിൽ ഒരു ഗഡു അനുവദിച്ച് ഇന്നലെ ഉത്തരവായതോടെയാണിത്. ഏപ്രിലിലെ ശമ്പളം മുതൽ ഇതുൾപ്പെടുത്തും. മേയ് മുതൽ കിട്ടിത്തുടങ്ങും. പെൻഷൻകാർക്കുള്ള ഡി.ആറും കൂട്ടിയിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് അനുസരിച്ചാണ് നടപടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
രണ്ടു ശതമാനം ഡി.എ കൂട്ടുമ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ശമ്പളത്തിൽ 474രൂപ കൂടും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് 2022 രൂപയും അഡിഷണൽ സെക്രട്ടറിക്ക് 6362രൂപയും കൂടും. സർവീസ് പെൻഷൻകാർക്കും വർദ്ധന ബാധകമാണ്. ഇത് 2021 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും. എന്നാൽ, 2021 ജനുവരിമുതൽ 2024 ജനുവരിവരെയുള്ള കുടിശ്ശിക നൽകുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
25% ഡി.എ കിട്ടേണ്ടയിടത്താണ് 9% കിട്ടിത്തുടങ്ങുന്നത്. ജനുവരി ഒന്നുമുതൽ ലഭിക്കാനുള്ള മൂന്നു ശതമാനംകൂടി പ്രഖ്യാപിക്കുന്നതോടെ ആകെ ഡി.എ 28 ശതമാനമാകും. കോളേജ് അദ്ധ്യാപകർ, എൻജിനിയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് അദ്ധ്യാപകർ തുടങ്ങിയവരുടെ ക്ഷാമബത്ത 17-ൽനിന്ന് 31ശതമാനമായി ഉയർത്തി. വിരമിച്ച അദ്ധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.
ജുഡിഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്. എസ് ഉൾപ്പെടെ ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46 ശതമാനമാകും. നിലവിൽ 42 ശതമാനമാണ്.
ഡി.എ കിട്ടേണ്ടതും കിട്ടുന്നതും
സർക്കാർ സർവീസിൽ പുതുതായി ചേരുന്ന 23,700 രൂപ അടിസ്ഥാന ശമ്പളമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഇപ്പോൾ ഡി.എ ഇനത്തിൽ ലഭിക്കുന്നത് 1659 രൂപയാണ്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഡി.എ യാണ് കിട്ടുന്നതെങ്കിൽ 5925 രൂപയാണ് കിട്ടേണ്ടിയിരുന്നത്. അതായത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പ്രതിമാസക്കുറവ് 4266 രൂപ. ഇത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ കാര്യത്തിൽ 7074 രൂപയും അഡിഷണൽ സെക്രട്ടറിയാകുമ്പോൾ 22,266-ഉം ആകും.
ഡി.എ കുടിശ്ശികയും അനുവദിച്ചതും
2021 ജനുവരി 2% ( ഇന്നലെ അനുവദിച്ചത്)
2021 ജൂലായ്- 3%
2022 ജനുവരി- 3%
2022 ജൂലായ്- 3%
2023 ജനുവരി- 4%
2023 ജൂലായ്- 3%
ആകെ- 18%
കിട്ടിക്കൊണ്ടിരുന്ന ഡി.എ 7%
01.07.2019- 0%
01.01.2020- 4%
01.07.2020- 3%
(ശമ്പള പരിഷ്‌കരണം നിലവിൽ വന്ന ആദ്യ 6 മാസം ഡി.എ ഇല്ല)
ഡി.എ നിശ്ചയിക്കുന്നത് ?
രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 317 മാർക്കറ്റുകളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ഉപഭോക്തൃവില സൂചിക തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എ നിശ്ചയിക്കുക.