kamalhasan

ചെന്നൈ: പാർലമെന്റ് അംഗമാകണമെന്ന ഉലകനായകൻ കമലഹാസന്റെ മോഹം സഫലമാകുമെന്നുറപ്പായി. അടുത്ത വർഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമലഹാസന് നൽകാമെന്ന് ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ ഉറപ്പുനൽകി.ഇന്നലെ ഡ‌ി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തിയാണ് കമലഹാസൻ സ്റ്റാലിനുമായി ചർച്ച നടത്തിയത്. രാജ്യത്തിനു വേണ്ടി ഡി.എ.കെ സഖ്യത്തിൽ ചേർന്നുവെന്നാണ് കമൽഹാസൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്.

മുന്നണിയുടെ ഭാഗമാകുന്നതിനായി കമലിനു മുന്നിൽ 2 നിർദ്ദേശങ്ങളാണ് കഴിഞ്ഞ 21ന് ഡി.എം.കെ നേതൃത്വം മുന്നോട്ടുവച്ചത്. ഒന്ന്- ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണം. രണ്ട്- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുന്നണിയുടെ താരപ്രചാരകനായാൽ അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമലിന് നൽകും. ഡി.എം.കെ രാജ്യസഭാ സീറ്റ് നിർദ്ദേശം മുന്നോട്ടു വച്ചതായി ഫെബ്രുവരി 22ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ്രസ് വഴി ഡി.എം.കെ മുന്നണിയിലെത്താനായിരുന്നു കമലിന്റെ ആദ്യം നീക്കം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യത്തിലും ധാരണയായി. എന്നാൽ ഡി.എം.കെ നേതൃത്വം അതിനോട് യോജിച്ചില്ല. മത്സരിക്കുന്നെങ്കിൽ സ്വന്തം പാർട്ടി ചിഹ്നമായ ടോർച്ചിൽ വേണമെന്ന് മക്കൾ നീതിമയ്യം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റുറപ്പിച്ചതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി.

സഖ്യത്തിലെ കോൺഗ്രസ് ഒഴികെ പാർട്ടികൾക്കുള്ള സീറ്റ് വിഭജന ചർച്ചകൾ ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കി. കമലിനു പുറമെ എം.ഡി.എം.കെയ്ക്കും രാജ്യസഭാ സീറ്റ് നൽകും. എം.ഡി.എം.കെ അദ്ധ്യക്ഷൻ വൈകോ നിലവിൽ രാജ്യസഭാ എം.പിയാണ്. അദ്ദേഹത്തിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. കൂടാതെ ഒരു ലോക്‌സഭാ സീറ്റും നൽകും. കഴിഞ്ഞ തവണത്തെപ്പോലെ സി.പി.എം, സി.പി.ഐ, വി.സി.കെ പാർട്ടികൾക്ക് രണ്ട് വീതവും മുസ്ലിം ലീഗ്, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി എന്നിവർക്ക് ഓരോ സീറ്റുമാണ് നൽകിയത്. കോൺഗ്രസിനും കഴിഞ്ഞ തവണത്തെപ്പോലെ 9 സീറ്റ് നൽകാൻ തീരുമാനമായി. പുതുച്ചേരി സീറ്റിലും കഴിഞ്ഞതവണത്തെപ്പോലെ കോൺഗ്രസ് മത്സരിക്കും. 39 സീറ്റിൽ 22ൽ ഡി.എം.കെയും മത്സരിക്കും.