
തിരുവനന്തപുരം: ''പരമപാവനാ രാമാ..."" പൂർവികല്യാണി രാഗത്തിൽ കൺമണി പാടി. താളം പിടിക്കാൻ അവൾക്ക് കൈകളില്ലായിരുന്നെങ്കിലും യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയത്തിലെ സദസ് ആ കുറവ് ഇല്ലാതാക്കി. ശാസ്ത്രീയ സംഗീത മത്സരത്തിലെ കൺമണിയുടെ പാട്ടു കഴിഞ്ഞതും അമ്മ രേഖ ഓടിയെത്തി അവളുടെ നെറ്റിയിലെ വിയർപ്പ് തുടച്ചു. ജന്മനാ കൈകളില്ലാത്ത കുറവ് കൺമണി സംഗീതം കൊണ്ട് മറികടക്കുകയാണ്.
സ്വാതി തിരുനാൾ സംഗീത കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയാണ് കൺമണി. സ്കൂൾ കലോത്സവം മുതൽ സ്ഥിരമായി മത്സരവേദിയിലുണ്ട്. സംഗീതത്തിൽ ഗവേഷണം നടത്തണമെന്നതാണ് സ്വപ്നം. സംഗീതാദ്ധ്യാപികയാകണം. വേദികളിൽ സംഗീതക്കച്ചേരികൾ അവതരിപ്പിക്കണം. സംഗീതമില്ലാതെ മറ്റൊന്നുമില്ല ജീവിതത്തിൽ. ഒടുവിലത്തെ കലോത്സവ വേദിയിലും ഒന്നാം സമ്മാനം കൺമണിക്കു തന്നെ. കഥകളിസംഗീതത്തിലും പുലി.
സ്വാതിതിരുനാൾ സംഗീത കോളേജിൽ ബിരുദപഠനം ആരംഭിച്ചതുമുതൽ മാവേലിക്കര സ്വദേശിയായ കുടുംബം പൂജപ്പുരയിലാണ് താമസം. അഞ്ചാം വയസിലാണ് സംഗീത പഠനം തുടങ്ങിയത്. ചിത്രരചന, അഷ്ടപദി, ഗാനാലാപനം തുടങ്ങിയവയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. നിരവധി സംഗീതക്കച്ചേരികളിലും പങ്കെടുക്കുന്നുണ്ട്.
കലോത്സവ വേദികൾക്ക് പുറത്തും തന്റേതായ ഇടം കണ്ടെത്തിയ കൺമണി കലയെ ഉപാസിച്ചു മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലിൽ ബ്രഷ് ഘടിപ്പിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യയും കൈവശമുണ്ട്. അമ്മ രേഖയാണ് കൺമണിയുടെ കൈകളായി കൂടെയുള്ളത്. അച്ഛൻ ശശികുമാർ വിദേശത്താണ്. സഹോദരൻ മണികണ്ഠൻ.
ഇതന്റെ അവസാന കലോത്സവ വേദിയാണ്. പക്ഷേ സംഗീതവുമായുള്ള എന്റെ യാത്ര അവസാനിക്കുന്നില്ല.
-കൺമണി