
ആറ്റിങ്ങൽ: കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന്റെ 18 എം.പിമാരും തികഞ്ഞ പരാജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷിക്കയ്ക്കൊത്ത് ഉയരാൻ ഇവർക്കാർക്കും കഴിഞ്ഞില്ല. കേരളത്തിനു വേണ്ടി പാർലമെന്റിൽ ഇവരുടെ സ്വരമുയർന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാമം ഗ്രൗണ്ടിൽ നടന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ പ്രകൃതി ദുരന്തങ്ങൾ,മഹാമാരി തുടങ്ങിയവയെ ധീരമായി നേരിട്ടു. കേന്ദ്ര സർക്കാർ നമ്മുടെ സംസ്ഥാനത്തിന് അർഹതപ്പെട്ടത് നിഷേധിച്ചപ്പോഴും യു.ഡി.എഫ് എം.പിമാർ മിണ്ടിയില്ല. വർഗീയതയ്ക്കെതിരെ, ഭരണഘടനാപരമായ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ഇവർ ബി.ജെ.പിയുടെ നിലപാടുകൾക്കൊപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ സ്ഥിതിഗതികൾ മനസിലാക്കി നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിന് ഇടത് മുന്നണിയുടെ അംഗബലം വളരെയേറെ കൂടണം. മതനിരപേക്ഷത ഉയർത്താൻ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ ഹാളിൽ മുഖ്യമന്ത്രി എത്തിയപ്പോൾ അണികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,എ.എ.റഹീം എം.പി,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,ഡി.കെ.മുരളി,ഒ.എസ്.അംബിക,വി.ശശി, നേതാക്കളായ ജയൻ ബാബു,ആനാവൂർ നാഗപ്പൻ,പുത്തലത്ത് ദിനേശൻ,കൊല്ലംകോട് രവീന്ദ്രൻ,വർക്കല രവികുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ,വാമനപുരം പ്രകാശ്,മാഹിൻ,കോവളം ടി.എൻ.സുരേഷ്,ഫിറോസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.