നെടുമങ്ങാട് : ''എന്റെ മകൻ മരിച്ചതുകാരണം ആ ഡോക്ടറുടെ മകന്റെ പഠനം മുടങ്ങിയത്രേ, ഈ അവസ്ഥയിൽ ഇങ്ങനെയൊക്കെ പറയാൻ എങ്ങനെയാണ് സാധിക്കുക" ? ആക്ഷേപം കേട്ടിരുന്ന നാട്ടുകാർ തന്നെയാണ് കൺസൾട്ടിംഗ് റൂമിൽ ബഹളമുണ്ടാക്കിയത് -വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ക്രൂര മർദ്ദനമേറ്റ് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വീടിനു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വനിതാ ഡോക്ടർക്കെതിരെ രോഷാകുലനായി.
''അവരുടെ മകൻ റോഹൻ സിദ്ധാർത്ഥിന്റെ സീനിയറാണ്. കാമ്പസിലും ഹോസ്റ്റലിലും നടന്ന സംഭവങ്ങളെപ്പറ്റി റോഹന് നന്നായറിയാം. എന്നിട്ടും സിദ്ധാർത്ഥിനെ രക്ഷിക്കാനോ,അവിടത്തെ കാര്യങ്ങൾ ഞങ്ങളെ അറിയിക്കാനോ തയ്യാറായില്ല. കേസിൽ പ്രതിയാകുമെന്ന സ്ഥിതി വന്നപ്പോൾ മോനുവേണ്ടി ഡോക്ടർ വാദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടം സ്വദേശിയായ ഡോക്ടറുടെ നെടുമങ്ങാട്ടെ കൺസൾട്ടിംഗ് റൂമിൽ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുകയും നെയിംബോർഡ് വലിച്ചെറിയുകയും ചെയ്‌തിരുന്നു. പ്രതിഷേധത്തെ തുടർന്ന് വനിതാ ഡോക്ടറോട് കൺസൾട്ടിംഗ് റൂം ഒഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്.