news

തിരുവനന്തപുരം: മെഡിക്കൽ കോളേജുകൾ അടക്കം സർക്കാരാശുപത്രികളിൽ മരുന്നു പരീക്ഷണം നടത്താനുള്ള ആരോഗ്യ ഗവേഷണ നയത്തിനു പിന്നിൽ കാനഡയിലെ മലയാളി ഗവേഷകൻ. അവിടെ സർവകലാശാലയിലെ മെഡിസിൻ വിഭാഗം മേധാവിയായ ഇദ്ദേഹത്തിന്റെ സമ്മർദ്ദപ്രകാരമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരോഗ്യ ഗവേഷണ നയം തയ്യാറാക്കിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഡോക്ടർമാരുടെ രണ്ട് യോഗങ്ങൾ വിളിച്ചതല്ലാതെ ആരോഗ്യ വിദഗ്ദ്ധരുമായും ആരോഗ്യ വകുപ്പുമായും വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ ഉന്നതൻ നയം രൂപീകരിച്ചത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതിയോഗം അടിയന്തരമായി വിളിച്ചുകൂട്ടി നയം അംഗീകരിപ്പിക്കുകയും ചെയ്തു.

മരുന്നുപരീക്ഷണത്തിന് കേന്ദ്രസർക്കാരും വിവിധ കേന്ദ്രഏജൻസികളുമാണ് അംഗീകാരം നൽകേണ്ടതെന്നും സംസ്ഥാനത്തിന് നയമുണ്ടാക്കി മരുന്നുപരീക്ഷണം നടത്താനാവില്ലെന്നും 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.മെഡിക്കൽ കോളേജുകളും ജില്ലാ-ജനറൽ ആശുപത്രികളുമൊന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിനും കൗൺസിലിനും നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങളാണ്. ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരൊന്നും മരുന്നുപരീക്ഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ആരോഗ്യ വകുപ്പിനെ മറികടന്ന് കൗൺസിലിലെ ഉന്നതനാണ് കരുക്കൾ നീക്കിയത്. മന്ത്രി ആർ.ബിന്ദു അറിയാതെ വിദേശ സർവകലാശാലകൾ അനുവദിക്കാനുള്ള പ്രഖ്യാപനം ബഡ്ജറ്റിലെത്തിച്ചതും ഈ ഉന്നതനായിരുന്നു.

രോഗികളുടെ അനുമതിവേണം

#ഐ.സി.എം.ആർ അനുമതിയോടെ എത്തിക്സ്കമ്മിറ്റിവേണം. പരീക്ഷണത്തിന് രോഗികളുടെ രേഖാമൂലമുള്ള അനുമതിവേണം. അവരുടെ ജീവനും സുരക്ഷയും ഉറപ്പാക്കണം. ശേഖരിക്കുന്ന വിവരങ്ങൾ പരിശോധിക്കാനും എത്തിക്സ് കമ്മിറ്റിയുണ്ടായിരിക്കണം.സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം പരീക്ഷണം.

കാന‌ഡ ഇടപാട് മുൻപും

10ലക്ഷംപേരുടെ ആരോഗ്യവിവരങ്ങൾ കിരൺസർവേയിലൂടെ ശേഖരിച്ച് കാനഡയിലെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് 2020ൽകൈമാറിയത് വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയായി മരുന്നുപരീക്ഷണം നടക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

'' പുതിയ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഫലപ്രദമായ മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കുന്നതിന് മനുഷ്യരിലെ മരുന്ന് പരീക്ഷണം പ്രോത്സാഹിപ്പിക്കണം. മൃഗങ്ങളിൽ മാത്രം പരീക്ഷിക്കുന്ന മരുന്നുകൾ മനുഷ്യരിലെത്തുമ്പോൾ കാര്യമായ ഫലപ്രാപ്തിയുണ്ടാകില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷണം.''

-ഡോ.ഗഗൺദീപ് കാംഗ്

പ്രമുഖ വൈറോളജിസ്റ്റ്