k

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടർന്ന് വിധികർത്താവിനെയും പരിശീലകരെയും പൊലീസ് അറസ്റ്റു ചെയ്തതോടെ കേരള സർവകലാശാല യുവജനോത്സവത്തിന്റെ നിറംകെട്ടു.

സംഘർഷാവസ്ഥയും വാക്കേറ്റവും കാരണം പലതവണ കലോത്സവം നിറുത്തിവച്ചു. മത്സരങ്ങൾ തുടങ്ങാതിരുന്നതോടെ മത്സരാർത്ഥികൾ ഒരു പകൽ മുഴവൻ അനിശ്ചിതത്വത്തിലായി. കൂടുതൽ ആരോപണവും പ്രതിഷേധവുമായി മത്സരാർത്ഥികൾ രംഗത്തെത്തിയതോടെ കലോത്സവം ഇനി നടത്തേണ്ടെന്ന തീരുമാനത്തിലെത്തിയ സംഘാടകർ അക്കാര്യം അനൗൺസ് ചെയ്തു.എന്നാൽ, പിന്നാലെ മത്സരങ്ങൾ തുടരുമെന്ന അറിയിപ്പുമെത്തി.ഇതോടെ വിദ്യാർത്ഥികൾ വീണ്ടും ആശയക്കുഴപ്പത്തിലായി.ആദ്യദിനം നടന്ന തിരുവാതിര മത്സരത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. അപ്പലേറ്റ് കമ്മിറ്റി വിധി പരിശോധിക്കാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.എന്നാൽ രണ്ടുദിവസം പിന്നിട്ടിട്ടും തീരുമാനമാകാത്തതിനെ തുടർന്ന് ശനിയാഴ്ച സെനറ്റ്‌ഹോളിലെ വേദിയിൽ ഇവർ വീണ്ടും പ്രതിഷേധവുമായെത്തുകയായിരുന്നു.ഇതോടെ മറ്റ് മത്സരങ്ങളും മുടങ്ങി. പരാതിയുള്ള ഇനങ്ങളിൽ വീണ്ടും മത്സരം നടത്താമെന്ന് സംഘാടകർ അറിയിച്ചെങ്കിലും ഇനി തയ്യാറെടുപ്പ് നടത്താനാവില്ലെന്നായി മത്സരാർത്ഥികൾ.

 വിശന്നുതളർന്ന് മത്സരാർത്ഥികൾ

പ്രധാനവേദിയായ സെനറ്റ് ഹാളിൽ രാവിലെ 9ന് ആദ്യം നടക്കേണ്ടിയിരുന്ന ഇനം മൂകാഭിനയമായിരുന്നു.രാവിലെ 8 മുതൽ വിദ്യാർത്ഥികൾ കാത്തിരുന്നു.സമയം പോകുന്നതനുസരിച്ച് അങ്കലാപ്പും കൂടി. 'മേക്കപ്പ് ഇട്ടിരുക്കുന്നതിനാൽ ഭക്ഷണം പോലും കഴിച്ചിട്ടില്ല. കാത്തിരുന്ന് മടുത്തു..' മൂകാഭിനയത്തിൽ പങ്കെടുക്കാൻ തോന്നയ്ക്കൽ ശ്രീസത്യസായി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നെത്തിയ ഒന്നാംവർഷ ബി.എ വിദ്യാർത്ഥികളായ ആറംഗ സംഘം പറഞ്ഞു.അദ്ധ്യാപകരും അസ്വസ്ഥരായി. മുൻവർഷങ്ങളിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പലരും പറഞ്ഞു.