
കല്ലമ്പലം: കാറിടിച്ച് ഇരുചക്രവാഹനയാത്രികന് ഗുരുതരമായി പരിക്കേൽക്കുകയും കാൽ വേർപെടുകയും ചെയ്തു. കല്ലമ്പലം ആലുംമൂടിനു സമീപം ലോഡ്ജിൽ താമസിക്കുന്ന ഇറച്ചിവെട്ട് തൊഴിലാളി നടയറ ചരുവിള വീട്ടിൽ ഷാജഹാ (57) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 മണിയോടെ കല്ലമ്പലം വർക്കല റോഡിൽ ആലുംമൂടിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് സ്കൂട്ടിയിൽ റൂമിലേക്ക് പോകവേ വർക്കല ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഇടിച്ചത്. കാറിന്റെ വേഗത കണ്ട് റോഡ് മറികടക്കുകയായിരുന്ന ഷാജഹാൻ സ്കൂട്ടി നിറുത്തിയെങ്കിലും നിമിഷത്തിനുള്ളിൽ അപകടം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ തെറിച്ചുവീണ ഷാജഹാനെയും വേർപെട്ട് കാറിന്റെ ബോണറ്റിൽ കുടുങ്ങിയ ഇദ്ദേഹത്തിന്റെ ഇടത് കാലുമായി നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസും നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യു ടീമും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തലവിള സ്വദേശി കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലം പൊലീസ് കേസെടുത്തു.