
തിരുവനന്തപുരം: കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ നിന്നും 'ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ' എന്ന വിഷയത്തിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ്. ടാഗോർ നാടകകൃതികളുടെ ദൃശ്യശാസ്ത്ര വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നാടക, ചലച്ചിത്ര സംവിധായകൻ കൂടിയായ പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ് ലഭിച്ചത്.
രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത നാടകങ്ങളായ രക്തകരബി, മുക്തധാര, ഡാക്ഘർ എന്നീ രചനകൾ പുതിയ കാലത്തിന് അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ദൃശ്യശാസ്ത്ര സാദ്ധ്യതകളും തിയറിയും സമന്വയിപ്പിച്ചതാണ് പ്രബന്ധം. ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയിൽ ക്യു ആർ കോഡ് സഹിതം സമർപ്പിച്ച ആദ്യഗവേഷണ പഠനം എന്ന സവിശേഷതയും ഈ തീസിസിനുണ്ട്. ശാന്തിനികേതനിലെ തിയേറ്റർ ഡിപ്പാർട്ട്മെന്റ് മേധാവികൾ ആയിരുന്ന പ്രൊഫ. മാധബി റുജ്, പ്രൊഫ.താരക് സെൻ ഗുപ്ത എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോ.മാളു.ജിയാണ് പ്രമോദിന്റെ ഭാര്യ. മക്കൾ: അവന്തിക,ആഗ്‌നേയ്.