തിരുവനന്തപുരം: കേരളത്തിന് എയിംസ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ ആദ്യം നൽകിയ പ്രപ്പോസൽ പ്രകാരം എംയിസ് അനുവദിച്ചില്ല.. പിന്നീട് താൻ എം.പിയും വി.എസ് മുഖ്യമന്ത്രിയുമായിരിക്കുമ്പോൾ വീണ്ടും എംയിസ് ആവശ്യപ്പെട്ടു. അന്ന് പ്രപ്പോസൽ അവിടെ ലഭിച്ചപ്പോഴേക്കും സമയം വൈകയിതിനാൽ നടന്നില്ല. അതിന് പകരം അന്ന് കേന്ദ്രം മെഡിക്കൽ കോളേജിന് 200 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ എതിർസ്ഥാനാർത്ഥിയായ എം.പിയെ കുറിച്ച് പറയുന്നില്ല. മണ്ഡലത്തിന് കിട്ടേണ്ട ന്യായമായ വികസനം കിട്ടുന്നില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലത്തിന് മാറ്റിയപ്പോൾ 2008ൽ പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. അന്ന് പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴയിൽ വാഗൺ ഫാക്ടറിയും തരാമെന്ന് വാഗ്ദാനം ചെയ്തവർ ഒന്നും തന്നില്ല. ബി.ജെ.പിയും കോൺഗ്രസും നാടിന്റെ വികസനം തടസപ്പെടുത്തുകയാണ്. നാടിന് വേണ്ടി പാർലമെന്റിൽ വാദിക്കുന്നത് ഇടത് എം.പിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി. മതാധിപത്യ സംവിധാനം നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പി നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.