
തിരുവനന്തപുരം: മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നിറുത്തിവച്ചിട്ടും ഇ പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം സംസ്ഥാനത്താകെ ഇന്നലെ താറുമാറായി. ഇ പോസ് യന്ത്രത്തിൽ കാർഡ് അംഗങ്ങളുടെ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങൾ ശേഖരിച്ചുള്ള വിതരണം ഇന്നലെ പലയിടത്തും നടപ്പായില്ല. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ഭൂരിഭാഗം പേർക്കും റേഷൻ നൽകാനായത്. സംസ്ഥാനത്താകെ 5.01 ലക്ഷം പേർ റേഷൻ വാങ്ങിയതിൽ 3.20 ലക്ഷം പേർക്കും ഒ.ടി.പി സംവിധാനം ഉപയോഗിച്ചാണ് റേഷൻ നൽകിയത്. മൊബൈൽ ഫോൺ കൈവശമില്ലാതിരുന്നവർക്കു റേഷൻ ലഭിക്കാത്ത സ്ഥിതിയുമുണ്ടായി.
ഇ പോസ് സർവറിന്റെ ശേഷിയെ ബാധിക്കുമെന്നു കണ്ടാണ് മസ്റ്ററിംഗ് കഴിഞ്ഞ ദിവസം നിറുത്തിവച്ചത്. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യപൊതുവിതരണ വകുപ്പിലെയും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെയും ബി.എസ്.എൻ.എല്ലിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്താണു തീരുമാനമെടുത്തത്. എന്നിട്ടും വിതരണം മെല്ലെപ്പോക്കിലായതോടെ ഇ പോസ് സംവിധാനത്തിന്റെ പ്രവർത്തനം ചോദ്യം ചെയ്യപ്പെടുകയാണ്. തിങ്കളാഴ്ച മുതൽ മസ്റ്ററിംഗ് പുനരാരംഭിക്കുമ്പോൾ സ്ഥിതി എന്താകുമെന്നു വ്യക്തമല്ല. ഈ മാസം അവസാനിക്കുംവരെ റേഷൻ വിതരണവും മസ്റ്ററിംഗും നടത്താൻ ജില്ലാ അടിസ്ഥാനത്തിൽ കടകളുടെ പ്രവർത്തനസമയം ക്രമീകരിക്കണമെന്ന് റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട സംയുക്ത കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.