areedt

കുന്നംകുളം: ബസിൽ മോഷണം നടത്തിയ യുവതി പിടിയിൽ. തമിഴ്‌നാട് തിരിച്ചന്തൂർ ടെമ്പിൾ സ്വദേശിനി ഗായത്രി(26) എന്ന സുബ്ബമ്മയെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയാണ് ഗായത്രി. കഴിഞ്ഞദിവസം വേലൂരിൽ നിന്നും വിഷ്ണുദേവൻ ബസിൽ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ വേലൂർ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസവും യുവതി ബസിൽ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. അമ്പലത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ യു. മഹേഷ്, ജോഷി,സിവിൽ പൊലീസ് ഓഫീസർമാരായ ഗ്രീഷ്മ,നൗഫൽ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.