aswanth

പേരാമ്പ്ര: രണ്ടു വർഷം കഴിഞ്ഞിട്ടും കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിലെ വിദ്യാർത്ഥി നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്തിൻ്റെ (20) മരണത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ബന്ധുക്കൾ. പോളിടെക്നിക്കിലെ ഹോസ്റ്റലിൽ 2021 ഡിസംബർ 1 ന് അശ്വന്തിനെ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സ്ഥാപനത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അശ്വന്ത്. സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദ്ദേഹം കണ്ടതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണവുമായി ബന്ധപെട്ട് ബന്ധുക്കൾ പറയുന്നതിങ്ങനെ: 'മരണ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളേജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തുങ്ങിയ നിലയിൽ കണ്ടത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറി നിന്നു എന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതാണ്. ഇതിനു മുകളിൽ കയറി നിൽക്കാൻ കഴിയില്ല. അഴിച്ചുകിടത്തിയവർ ആശുപ്രതിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹ ഉയർത്തുന്നതാണ്. അശ്വന്തിൻ്റെ ഫോൺ ഇതുവരെ ലഭിച്ചിട്ടില്ല. ഫോൺ കോടതിയിൽ ആണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വർഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണിൽ നിന്ന് വിവരങ്ങൾ നശിച്ചു പോകാൻ സാധ്യതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു . 'വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്നവും അശ്വന്തിനുണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഇതിനു വേണ്ട ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ ആശ്രയമായിരുന്നു അശ്വന്ത്. അപ്രതീക്ഷിതമായുണ്ടായ വിയോഗം ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും നവകേരള സദസിലും പരാതി നൽകിയെങ്കിലും യായൊരു നടപടിയുണ്ടായില്ലെന്നും കഴിഞ്ഞ ദിവസം ഗവർണർക്ക് ബന്ധുക്കൾ നിവേദനം നൽകിയതായും അവർ പറഞ്ഞു. അശ്വന്ത് ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.