
തിരുവനന്തപുരം: കേന്ദ്രം അച്ചടി അവസാനിപ്പിച്ച നൂറ് രൂപ മുദ്രപ്പത്രത്തിന് പകരം കുറഞ്ഞ തുകയുടെ പത്രങ്ങൾ റീവാല്യുവേറ്റ് (മൂല്യംകൂട്ടൽ)ചെയ്ത് നൽകുന്ന കാലാവധി മാർച്ച് 31 ന് അവസാനിക്കുന്നതോടെ മുദ്രപ്പത്രക്ഷാമം രൂക്ഷമാവും.
ജനുവരി 15 വരെയുള്ള കണക്ക് പ്രകാരം 10 രൂപയുടെ 1.18 ലക്ഷവും 20 രൂപയുടെ 31.54 ലക്ഷവും പത്രങ്ങൾ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്കുണ്ടായിരുന്നു. ഇത് തീരാറായിട്ടുണ്ട്. ഇതാണ് മൂല്യം കൂട്ടി ഉപയോഗിക്കുന്നത്. മൂല്യംകൂട്ടൽ കാലാവധി കുറച്ച് മാസത്തേക്ക് കൂടി നീട്ടുമെന്നാണ് പ്രതീക്ഷ.
എല്ലാ സംസ്ഥാനങ്ങളിലും ഇ-സ്റ്റാമ്പിംഗ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനപ്രകാരമാണ് നാസിക് പ്രസിൽ 100 രൂപയുടെ മുദ്രപ്പത്ര അച്ചടി അവസാനിപ്പിച്ചത്. കേരളത്തിൽ സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക നടപടികൾ പൂർത്തിയായില്ല. ഒരു ലക്ഷത്തിന് മുകളിലുള്ള രജിസ്ട്രേഷന് മാത്രമാണ് ഇ-സ്റ്റാമ്പിംഗ് ചെയ്യുന്നത്. മുദ്രപ്പത്രങ്ങളുടെ ഡിസ്ക്കൗണ്ട് കൂട്ടണമെന്ന വെണ്ടർമാരുടെ ആവശ്യം ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനമായശേഷമേ സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് നടപ്പാവൂ.
ബാങ്ക് വായ്പ അടക്കം
പ്രതിസന്ധിയിലാവും
വാടക കരാറുകൾ, ചിട്ടി, ബോണ്ട് വയ്ക്കൽ, ബാങ്ക് വായ്പ, റീകൺവെയൻസ് (വായ്പ അവസാനിപ്പിക്കൽ), നിർമ്മാണ കരാർ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 100 രൂപ പത്രമാണ് വേണ്ടത്. ചെറിയ തുകയുടെ ഒന്നിലധികം പത്രങ്ങൾ വാങ്ങിയാണ്നിലവിൽ ഉപയോഗിക്കുന്നത്.
ഡിസ്ക്കൗണ്ട്
2 മുതൽ 4.5% വരെ
1000 രൂപവരെയുള്ള പത്രത്തിന് 4.5 ശതമാനവും 1001 മുതൽ 10,000 വരെ 2.5 ഉം അതിന് മുകളിൽ ഒരു ലക്ഷം വരെ 2 ശതമാനവുമാണ് വെണ്ടർമാരുടെ ഡിസ്ക്കൗണ്ട്. വി.എസ്. സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച ഈ നിരക്ക് കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.1500 ഓളം വെണ്ടർമാരുണ്ട്.
'നാസിക്ക് പ്രസിൽ കേരളത്തിനായി അച്ചടിച്ച 50 രൂപയുടെ 6.72 ലക്ഷം പത്രങ്ങൾ കൊണ്ടുവരാൻ നടപടി സ്വീകരിക്കണം."
-കിളിയല്ലൂർമണി
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ