road-

ചിറയിൻകീഴ്: അഴൂർ പാലം - മൂന്നാറ്റുമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ കാൽനടയാത്ര പോലും ദുരിതമയമാക്കി ഈറോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചെമ്മൺപാത ആയിരുന്ന ഈ റോഡ് 2015ൽ 38 ലക്ഷം രൂപ ചെലവഴിച്ച് ടാർ ചെയ്ത് നവീകരിച്ചിരുന്നു. എന്നാൽ നാളിതുവരെ അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്തതിനാൽ റോഡിൽ ടാറിന്റെയോ മെറ്റലിന്റെയോ അംശം ഉണ്ടോ എന്ന് തന്നെ കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ്. മെറ്റലുകൾ അടർന്നുമാറി കുണ്ടും കുഴിയുമായി തകർന്ന് തരിപ്പണമായി കിടക്കുകയാണ് ഈ റോഡ്. മെറ്റലിൽ നിന്നും അടർന്നു മാറിയ ഉരുളൻചല്ലികൾ റോഡിൽ ചിതറി കിടക്കുന്നതിനാൽ ബൈക്ക് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും പൊല്ലാപ്പ് ഏറെയാണ്. ഇവിടുത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നാണ് പൊതുവായ ആവശ്യം.

 വേനലിൽ പൊടി,​ മഴയായാൽ കുഴി

വേനൽകാലമായതിനാൽ പൊടിശല്യം വളരെ വ്യാപകമാണ്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർ കണ്ണടച്ച് നിൽക്കണം. സമീപത്തെ വീടുകളിലെല്ലാം പൊടി നിറഞ്ഞു. വാഹനം പോകുമ്പോൾ ടയറിനടിയിൽ നിന്ന് ഉരുളൻ കല്ലുകൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. അതേസമയം മഴപെയ്താൽ കഥ മാറും. പിന്നെ കുഴിയേത് വഴിയേത് എന്നറിയാൻ പറ്റാത്ത അവസ്ഥയാകും. മഴക്കാലത്ത് ഇവിടത്തെ കുഴികളിൽ മഴവെള്ളം നിറയും. ഈ കുഴികളിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണവും കുറവല്ല. മാത്രവുമല്ല മഴവെള്ളം തുടർച്ചയായി കെട്ടിനിൽക്കുന്നത് സാംക്രമിക രോഗങ്ങളും മറ്റും പടരാനും ഇടവരുത്തുന്നു.

 വഴിവിളക്കും ഇല്ല

സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി ആൾക്കാർ കടന്നുപോകുന്ന റോഡിനെതിരെ അധികൃതർ കാണിക്കുന്ന അവഗണനയിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. അഴൂർ റെയിൽവേഗേറ്റ് - അഴൂർ കടവ് പാലം റോഡിൽ കലുങ്ക് പണിയെത്തുടർന്ന് ഗതാഗത തടസ്സം ഉണ്ടായപ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിട്ട പാത കൂടിയാണിത്. റോഡിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ സന്ധ്യ കഴിഞ്ഞാൽ തെരുവുലൈറ്റ് ഇല്ലാത്തത് കാരണം കാൽനടയാത്ര പോലും അസാദ്ധ്യമാണ്. പോരാത്തതിന് തെരുവു നായ്ക്കളുടെ ശല്യവും.