
തിരുവനന്തപുരം: മാസപ്പടിയായും വാർഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകൾ നിറച്ച കിടക്കയിലാണ് പിണറായി വിജയൻ ഉറങ്ങുന്നതെന്നും അദ്ദേഹത്തെ ചുമക്കുന്ന സി.പി.എം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആരോപിച്ചു.
പാവപ്പെട്ടവരുടെ ക്ഷേമപെൻഷനിൽ കൈയിട്ടുവാരി പോസ്റ്ററടിക്കുന്ന സി.പി.എമ്മിനെ ഓർത്ത് മലയാളികൾ തല കുനിക്കുകയാണ്. ടി.പി.ചന്ദ്രശേഖരൻ മുതൽ സിദ്ധാർത്ഥനെവരെ കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി. എ.കെ.ജിയും പി.കൃഷ്ണപിള്ളയും ഇ.എം.എസും പകർന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ പിണറായി കുഴിച്ചുമൂടി. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ വിറളിപിടിച്ചതിനാലാണ് കോൺഗ്രസിനെ അപമാനിച്ച് പിണറായി പ്രസംഗിച്ചത്. തലകുത്തിനിന്നാലും ബി.ജെ.പി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാൻ സി.പി.എമ്മിനു സാധിക്കുമോയെന്നും സുധാകരൻ ചോദിച്ചു.