
വർക്കല: വേലിയേറ്റ സമയങ്ങളിലെ ഉയർന്ന തിരമാലകളാണ് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിലെ അപകടത്തിന് കാരണമെന്ന് വിലയിരുത്തൽ. ഉയർന്ന തിരമാലകൾ ഉണ്ടാകുന്ന സമയത്ത് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രതലം ക്രമാതീതമായി ഉയർന്ന് താഴ്ന്നതാണ് കാരണമെന്നാണ് കരുതുന്നത്.
എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കണം. ഉയർന്ന തിരമാല ഉണ്ടാകുമ്പോൾ ബ്രിഡ്‌ജിൽ നിൽക്കുന്നവരുടെ ബാലൻസ് തെറ്റും. ശക്തമായ തിരമാലയിൽപ്പെട്ട് ബ്രിഡ്‌ജ് ഉയർന്ന് പൊങ്ങുകയും കൈവരികൾ തകർന്ന് സഞ്ചാരികൾ കടലിലേക്ക് വീഴുകയുമാണുണ്ടായത്. ഒരേസമയം ബ്രിഡ്‌ജിൽ 100 പേർക്ക് പ്രവേശിക്കാമെന്നിരിക്കെ 60ഓളം പേർ മാത്രമാണ് അപകട സമയത്തുണ്ടായിരുന്നത്.
സുരക്ഷാ ജാക്കറ്റുകൾ ധരിച്ചതും അപകടം നടന്നയുടൻ ലൈഫ് ഗാർഡുകളും മറ്റ് സഞ്ചാരികളും രക്ഷാപ്രവർത്തനത്തിന് ഇടപെട്ടതും വൻദുരന്തം ഒഴിവാക്കി. 2023 ഡിസംബർ 25നാണ് ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് വർക്കലയിൽ ആരംഭിച്ചത്.