ആഗസ്റ്റ് 15ന് റിലീസ്

അമൽ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഫഹദ് ഫാസിലും. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഒഫ് സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിച്ചിട്ടുണ്ട്. വരത്തനുശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്രൊരു പ്രത്യേകത . അഞ്ച് സുന്ദരികൾ , ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽനീരദും ഒരുമിക്കുന്നത്. ഷറഫുദ്ദീൻ, ജ്യോതിർമയി, വീണ നന്ദകുമാർ, സ്രിന്ധ എന്നിവരാണ് മറ്റു താരങ്ങൾ. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ നീരദ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഇടുക്കി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിക്കുന്നുണ്ട് . ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആന്റോ ജോസഫും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. ആവേശം ആണ് റിലീസിന് ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം കോമഡി എന്റർടെയ്‌നറാണ്. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗുണ്ടാ നേതാവായാണ് ഫഹദ് എത്തുന്നത്. മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി, പ്രമുഖ മലയാളി ഗെയിമറും വ്ലോഗറുമായ ഹിപ്‌സ്റ്റർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അൻവർ റഷീദ് എന്റർടെയ്‌ൻമെന്റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആവേശം ഏപ്രിൽ 11ന് റിലീസ് ചെയ്യും.