vld-2

വെള്ളറട: മണവാരി - കോവിലുവിള - തുടലി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസും നിലച്ചു. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോവാൻ കഴിയില്ല. അധികൃതരെ വിവരം അറിയിച്ചിട്ടും മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ നിവേദനങ്ങളും നൽകി. എന്നിട്ടും ഫലം കാണാതായതോടെയാണ് നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നത്. ബസ് സർവീസുകൾ നിലച്ചതോടെ യാത്രാ ക്ളേശവും രൂക്ഷമാണ്. മറ്റു സമാന്തര സർവീസുകൾ ഇല്ലാത്ത ഇവിടെ കെ.എസ്.ആർ.ടി.സി മാത്രമാണ് ഏക ആശ്രയം. വർഷങ്ങൾക്ക് മുമ്പ് ഇട്ട ടാർ പൂർണമായും ഇളകി. റോഡു മുഴുവൻ കുഴികളാണ്. അടിയന്തരമായി റോഡ് പുനർ നിർമ്മിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ മൈലച്ചൽ കോവിലുവിള എസ്.എൻ.ഡി.പി ശാഖാ യോഗവും പങ്കെടുക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.വിജയകുമാറും സെക്രട്ടറി എസ്.രവീന്ദ്രനും അറിയിച്ചു.