
നെടുമങ്ങാട് : ജാതി ചിന്തകൾക്കെതിരെ നർമ്മത്തിന്റെ മെമ്പൊടി ചേർത്ത് തെയ്യക്കോലങ്ങൾ നിറഞ്ഞാടിയത് ഓട്ടം മഹോത്സവ നഗരിയിൽ പുതിയ കാഴ്ചയും അനുഭവവുമായി.മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി,പൊട്ടൻ തെയ്യം,ഗുളികൻ,കുട്ടിച്ചാത്തൻ തുടങ്ങി വടക്കൻ കേരളത്തിന്റെ തനതു കലാരൂപങ്ങൾ ശ്രീമുത്താരമ്മൻ ക്ഷേത്ര സന്നിധിയിലാണ് അരങ്ങേറിയത്.ക്ഷേത്രത്തിന് ചുറ്റുപാടും താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ 'നക്ഷത്ര"യുടെ നേതൃത്വത്തിലാണ് തെയ്യാട്ടം അരങ്ങേറിയത്.കല്ലറ മുതുവിള നയന കലാസംഘത്തിലെ ഒമ്പത് കലാകാരന്മാർ തെയ്യാട്ടത്തിൽ പങ്കെടുത്തു. നക്ഷത്ര പ്രസിഡന്റ് പി.വി.മണി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ എം.നടരാജപിള്ള,ഹരികുമാർ,എസ്.ആർ.കിഷോർ,പി.കൃഷ്ണപിള്ള, എസ്.പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാത്രി 8 ന് നാട്യശാലയുടെ മേജർ സെറ്റ് കഥകളി - നിഴൽക്കുത്ത്.
ഒരുമയുടെ ഉത്സവം
സമുദായ മൈത്രി അരക്കിട്ടുറപ്പിച്ച് മൂന്നര നൂറ്റാണ്ടായി മലയോര വാസികൾ ഒരുമയോടെ ആഘോഷിച്ചു വരുന്ന 'ഓട്ടം' മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ നാളെ രാത്രി 8.30 ഓടെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ നടക്കും.മുത്താരമ്മൻ, മുത്തുമാരിയമ്മൻ,മേലാങ്കോട് അമ്മമാർ ഒരേസമയം ചമയ ഘോഷയാത്രകളുടെ അകമ്പടിയിൽ പുറത്തെഴുന്നള്ളും.കോയിക്കൽ മഹാദേവർ ക്ഷേത്രത്തിൽ സംഗമിച്ച് കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികളുമായി അതാതു ക്ഷേത്രങ്ങളിൽ മടങ്ങിയെത്തും.മുത്തുമാരിയമ്മൻ, മുത്താരമ്മൻ ക്ഷേത്രങ്ങളിൽ പുലർച്ചെ 4ന് മുത്തെടുപ്പ് ആരാധനയും മേലാങ്കോട് ദേവി ക്ഷേത്രത്തിൽ 3ന് പൂപ്പട,മഞ്ഞനീരാട്ടും പൂർത്തിയാവുന്നതോടെ അമ്മൻകൊട - കുത്തിയോട്ട മഹോത്സവത്തിന് പരിസമാപ്തിയാകും.
മുത്തുമാരിയമ്മൻ ക്ഷേത്രം
ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എസ്.മുരുകൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ വി.ഷിനിലാൽ, സംവിധായകൻ വി.സി.അഭിലാഷ്, ജയിൽ സൂപ്രണ്ട് സോഫിയാബീവി, ശാസ്ത്രജ്ഞൻ എൻ.പി.ഗിരി, നടി ശാന്തി മായാദേവി, നടൻ നെടുമങ്ങാട് കൃഷ്ണൻ, ടോപ് സിംഗർ ലക്ഷ്മി.എസ് തുടങ്ങിയവരെ ആദരിച്ചു. അടൂർ പ്രകാശ് എം.പി, നഗരസഭാദ്ധ്യക്ഷ സി.എസ്.ശ്രീജ, വി.വി.രാജേഷ്, പുലിപ്പാറ കൃഷ്ണൻ, ആദിത്യ, ട്രസ്റ്റ് ഭാരവാഹികളായ പി.അപ്പു ആചാരി, സി.ആർ.മധുലാൽ, എ.ഹരികുമാർ,ജയാ രാജേന്ദ്രൻ, കെ.സുരേഷ്‌കുമാർ,എസ്.മഹേന്ദ്രൻ ആചാരി, ജി.മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് 6 ന് നാദസ്വര കച്ചേരി, 7 ന് സുമംഗലീപൂജ, 8 ന് നാടൻപാട്ടുമേള - കാളിയാട്ടപുറപ്പാട്.
മേലാങ്കോട് ദേവീക്ഷേത്രം
ഓട്ടത്തോടനുബന്ധിച്ച് ശ്രീമേലാങ്കോട് ദേവീക്ഷേത്രത്തിൽ നാഗരൂട്ടും തിരുവാതിരകളിയും നടന്നു.സമൂഹ അന്നദാനത്തിന് ട്രസ്റ്റ് ഭാരവാഹികളായ ജെ.കൃഷ്ണകുമാർ,കെ.എസ്.മോഹനൻ നായർ,ബി.പ്രവീൺകുമാർ, ജി.എസ്.സുനിൽകുമാർ, ജി.ഉത്തമൻ നായർ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. ഇന്ന് രാവിലെ 7.30 ന് ഭദ്രകാളിപ്പാട്ട്, വൈകിട്ട് 6 ന് തിരുവാതിരകളി, രാത്രി 8 ന് നൃത്തനാടകം - ദേവി ശാകംഭരി.