
പാറശാല: നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായ ഇടതുകര കനാലിന്റെ ബണ്ട് തകർന്ന് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി. പാറശാല ഗ്രാമ പഞ്ചായത്തിലെ വാർഡിലെ അരുവാങ്കോട് ഭാഗത്തെ കനാൽ ബണ്ടാണ് തകർന്നത്. കനാലിലെ വേസ്റ്റ്കോരി മാറ്റുന്നതിനായി കനാലിലേക്ക് ജെ.സി.ബി ഇറക്കുന്നതിനായി കരാറുകാരൻ ബണ്ട് പൊളിച്ച് മാറ്റിയെങ്കിലും പണി കഴിഞ്ഞശേഷം ശരിയായ ഉറപ്പിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തകർന്ന ബണ്ടിലൂടെ പുറത്തേക്ക് ഒഴുകിയെത്തുന്ന ജലം സമീപത്തെ കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്നത് കൃഷിനാശത്തിന് കരണമാകുന്നതായും പരാതിയുണ്ട്. ബണ്ട് തകർന്ന് കനാലിലെ ജലത്തിന്റെ ഒഴുക്കും നിലച്ചതോടെ കാരോട്, കുളത്തൂർ, പൂവാർ പഞ്ചായത്തുകളിലെ ജലക്ഷാമത്തിനും കാരണമായിട്ടുണ്ട്. അധികൃതർ എത്രയും പെട്ടെന്ന് ബണ്ട് പുനർ നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.