
തിരുവനന്തപുരം:അടിയും ബഹളവുമൊന്നും ഈ അമ്മൂമ്മാരെ ബാധിച്ചിട്ടില്ല. പ്രധാനവേദിയായ യൂണിവേഴ്സിറ്രി സെനറ്റ് ഹാളിലെ വേദിയിലേക്ക് കണ്ണുംനട്ട് അവർ ഇരിക്കുകയാണ്. ചെറുമക്കളുടെ പ്രകടനം കാണുകയാണ് ലക്ഷ്യം.തിരുവനന്തപുരം നാവായിക്കുളം സ്വദേശി ഗിരിജാകുമാരിയും ബാലാരാമപുരം വെടിവെച്ചാൻ കോവിൽ സ്വദേശി സാവിത്രിയുമാണ് യുവത്വങ്ങളുടെ ആഘോഷത്തിന് സാക്ഷിയാകാൻ ഇന്നലെ സെനറ്റ് ഹാളിലെത്തിയത്. 71കാരി ഗിരിജയ്ക്കും അറുപത്തിയൊമ്പതുകാരി സാവിത്രിയും ആദ്യമായാണ് കലോത്സവം കാണാനെത്തുന്നത്. യൂണിവേഴ്സിറ്റി കോളജിലെ ബി.എ സംസ്‌കൃതം വിദ്യാർത്ഥിനിയായ എം.എസ്.മീനാക്ഷിയുടെ നങ്ങ്യാർകൂത്ത് കാണാനാണ് സാവിത്രിയെത്തിയത്.കലാമണ്ഡലത്തിൽ മീനാക്ഷിയുടെ പരിപാടി കാണാൻ പോയിട്ടുണ്ട്.എട്ടു മുതൽ പ്ലസ് ടു വരെ മീനാക്ഷി കലാമണ്ഡലത്തിലാണ് പഠിച്ചത്.മകൾ സരിതയ്ക്കും മരുമകൻ മഹേഷ് പിള്ളയ്ക്കും ഇളയ ചെറുമകൾ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് സാവിത്രി യുവജനോത്സവം കാണാനെത്തിയത്.അക്ഷയ സെന്റർ ജീവനക്കാരിയാണ് സരിത.ഫൈൻ ആർട്സ് കോളജിൽ ലൈബ്രേറിയനാണ് മഹേഷ്.ചെറുമകനും വർക്കല എസ്.എൻ കോളജ് വിദ്യാർത്ഥിയുമായ ദേവവ്രതനൊപ്പമാണ് ഗിരിജയെത്തിയത്.ചാക്യാർകൂത്തിലും ഓട്ടൻതുള്ളലിലുമാണ് ദേവവ്രതൻ മത്സരിക്കുന്നത്.ആറ്റിങ്ങൽ കുന്നുംവാരം സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപിക ഷിജുവിന്റെയും പ്രവാസിയായ ജോയിയുടെയും മകനാണ് ദേവവ്രതൻ.