photo

ആലപ്പുഴ : ഒപ്പം കഴിഞ്ഞു വന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പുരുഷസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡിൽ തത്തംപള്ളി വെളിംപറമ്പ് വീട്ടിൽ പരേതനായ ഷാജിയുടെ ഭാര്യ സുനിതയാണ് (44) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ നഗരസഭ വഴിച്ചേരി വാർഡിൽ കണ്ടത്തിൽ വീട്ടിൽ രാകേഷിനെ (41) സൗത്ത് സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.

പൊലീസ് പറയുന്നത് : ഭർത്താവിന്റെ മരണശേഷം ഹൗസ് ബോട്ട് ജോലിക്കിടെയാണ് മരംവെട്ട് തൊഴിലാളിയായ രാകേഷുമായി സുനിത സൗഹൃദത്തിലായത് . കഴിഞ്ഞ 14വർഷമായി ഇയാളുടെ വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. 7ന് രാത്രി വഴക്കിനെത്തുടർന്ന് മുളവടിക്ക് രാകേഷ് സുനിതയുടെ തലയ്ക്കടിച്ചു. പിന്നീട് ഇരുവരും ഉറങ്ങാൻ കിടന്നെങ്കിലും കുറച്ച് സമയം കഴിഞ്ഞപ്പോൾ സുനിതക്ക് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിലെത്തിച്ചു. കുളിമുറിയിൽ തലയടിച്ച് വീണു എന്നാണ് രാകേഷ് പറഞ്ഞത്. പരിശോധനയിൽ സുനിത മരണപ്പെട്ടതായി ബോദ്ധ്യപ്പെട്ടു. മരിച്ച് നാലുമണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിൽ സുനിതയുടെ തലയ്ക്കടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. ഉച്ചയോടെ വീട്ടിൽ നിന്ന് പോയ സുനിത വീട്ടിൽ തിരികെ എത്താൻ വൈകിയതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2009ൽ പിതാവുമായി വഴക്കിട്ട സഹോദരനെ കാറ്റാടി കമ്പ് കൊണ്ട് ഇയാൾ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെങ്കിലും ഈ കേസിൽ പിന്നീട് കുറ്റവിമുക്തനായി.

എസ്.ഐമാരായ അജ്മൽ ഹുസൈൻ, കെ.സന്തോഷ്., അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.വിജു, ജി.രശ്മി, ജോജോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.