തിരുവനന്തപുരം : പൂജാരിയും പൊലീസുകാരനും ഉൾപ്പെടുന്ന സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നാഗർകോവിൽ സ്വദേശി ബിനുവാണ് പേരൂർക്കട പൊലീസിന്റെ പിടിയിലായത്. പ്രധാന പ്രതികൾക്ക് സഹായം ചെയ്‌തത് ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പേരൂർക്കട- മണ്ണാമ്മൂല റോഡ് ഗാന്ധിനഗറിലെ വാടകവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന 40കാരിയെ വീട്ടിൽ നിന്നു കാറിൽ തട്ടിക്കൊണ്ടുപോയി തിരുനെൽവേലിയിലെ ഫാം ഹൗസിൽ എത്തിച്ച് എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പൂജാരിയും ജ്യോത്സ്യനുമായ പരശുവയ്ക്കൽ സ്വദേശി ശ്യാം ദേവദേവൻ (42), എ.ആർ ക്യാമ്പിലെ ഗ്രേഡ് എ.എസ്‌.ഐ സുധീർ (40), പാറശാല സ്വദേശി ഷാനിഫ് (37), പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കൽ അരുൺ (37) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയോട് ശ്യാം വിവാഹ അഭ്യർത്ഥന നടത്തി ഇവരെ നിരന്തരം ശല്യപ്പെടുത്തി. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നു. ഇവർ തമ്മിൽ നെടുമങ്ങാട് കോടതിയിൽ ഒരു സിവിൽ കേസും നിലവിലുണ്ട്. പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തു വിവാഹം കഴിക്കാൻ വേണ്ടിയാണ് വീട്ടമ്മയെ തട്ടിക്കൊണ്ടുപോയതെന്നാണ് ശ്യാമിന്റെ മൊഴി.

ശ്യാമിന്റെ സുഹൃത്തായ പൊലീസുകാരൻ സുധീർ യൂണിഫോമിൽ എത്തിയാണ് വീട്ടമ്മയെ നെടുമങ്ങാട് സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാറിൽ കയറ്റി കൊണ്ടു പോയത്. ഷജീല, ഷാനിഫ് എന്നിവരും കാറിലുണ്ടായിരുന്നു. പാതിവഴിയിൽ കാർ നിറുത്തി വീട്ടമ്മയെ ശ്യാമിന്റെ കാറിൽ കയറ്റിശേഷം തിരുനെൽവേലിയിലെ ഫാം ഹൗസിൽ എത്തിക്കുകയായിരുന്നു.