
ചാരുംമൂട് : ചുനക്കരയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുനക്കര സരളാലയത്തിൽ യശോധരൻ (60), ഭാര്യ സരള (63) എന്നിവരാണ് മരിച്ചത്. ഇരു കൈകൾക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റീലുകൊണ്ട് നിർമ്മിച്ച സ്റ്റെയർകെയ്സിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യശോധരൻ ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സരളയുടെ കഴുത്തിൽ ചെറിയ പാടുള്ളതല്ലാതെ മറ്റ് മുറിവുകൾ കാണാനില്ലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ഇന്നലെ രാവിലെ തൊട്ടടുത്ത വീട്ടുകാർ പശുവിനെ കെട്ടാൻ പോയപ്പോഴാണ് യശോധരൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഇക്കാര്യം പറയാനായി സരളയെ തിരക്കി എത്തിയപ്പോൾ പൂമുഖത്ത് അനക്കമില്ലാതെ കിടക്കുകയായിരുന്നു. പുലർച്ചെ പാൽ വാങ്ങി വരുമ്പോൾ യശോധരൻ വീടിനുമുന്നിൽ ബീഡി വലിച്ചു നിൽക്കുന്നത് കണ്ടതായി അയൽവാസിയായ വീട്ടമ്മ പറഞ്ഞു. സംഭവം അറിഞ്ഞ് കുറത്തികാട് പൊലീസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാറും വാർഡ് മെമ്പർ ജയലക്ഷ്മി ശ്രീകുമാറുമടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്സുമോർട്ട ത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
സ്പെഷ്യൽ വില്ലേജ് ഓഫീസറായി 2017 ൽ വിരമിച്ച കോതമംഗലം സ്വദേശിയായ സരള 8 വർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി ഭർത്താവുമായി താമസം തുടങ്ങിയത്. പെരുമ്പാവൂരിലുള്ള ഒരു മഠത്തിൽ ജോലിക്കു പോകുന്ന സരള ഇടയ്ക്കൊക്കെയാണ് വീട്ടിൽ വരുന്നത്. ബുധനാഴ്ച വീട്ടിൽ വന്ന ശേഷം പിന്നീട് പോയിരുന്നില്ല. ദമ്പതികൾ തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടാകാറുള്ളതായും പുറത്തുള്ളവരോട് ഇവർക്ക് വലിയ സഹകരണമില്ലെന്നും നാട്ടുകാർ പറഞ്ഞു.
യശോധരന്റെ മൂന്നാം വിവാഹം
യശോധരന്റെ മൂന്നാം ഭാര്യയാണ് സരള. ഇവർക്ക് കുട്ടികളില്ല. യശോധരന് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്. മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന യരോധരൻ അസുഖം മൂലം ഒരു വർഷത്തിലധികമായി മദ്യപിക്കാറില്ലെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു.