
കോഴിക്കോട് : സെയിൽസ് ടാക്സ് ഓഫീസർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. മലാപറമ്പ് മുള്ളൻ കുഴിയിൽ പാച്ചാക്കിൽ സുനി ഇ (55) യാണ് നടക്കാവ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ അറസറ്റ് ചെയ്തത്. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ ചെന്ന് താൻ സെയിൽ ടാക്സ് ഓഫീസറാണെന്നും ചാരിറ്റി ട്രസ്റ്റിലേക്ക് നിങ്ങളുടെ സ്ഥാപനത്തിന്റെ വക സംഭവന നൽകണമെന്നും നിർബന്ധപൂർവ്വം ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ ഉടമ പണം ചോദിച്ച വിവരം പൊലീസിനെ അറിയിച്ചെന്ന് മനസ്സിലാക്കിയപ്പോൾ ഓടി രക്ഷപ്പെട്ടു. വിവിധ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയും പണം കൊടുക്കാതെ മുങ്ങുകയും ചെയ്യുന്ന ഇയാളെ പാളയത്ത് നിന്നാണ് പിടി കൂടിയത്. ഇയാൾ ഇതിന് മുൻപും ഇത്തരത്തിൽ അനധികൃതമായി ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത ജില്ലാ ജയിലിലേക്ക് മാറ്റി.