തിരുവനന്തപുരം: കലോത്സവം ഇന്ന് അവസാനിക്കാനിരിക്കെ ഓവറോൾ ചാമ്പ്യന്മാരാകാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം മാർ ഇവാനിയോസും. 114 ഇനങ്ങളിൽ 81 മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 175 പോയന്റുമായി യൂണിവേഴ്സിറ്റി കോളേജ് ഒന്നാം സ്ഥാനത്തും 173 പോയന്റുമായി മാർ ഇവാനിയോസ് രണ്ടാം സ്ഥാനത്തുമാണ്. 115 പോയിന്റുമായി തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ കോളേജാണ് മൂന്നാം സ്ഥാനത്ത്. 86 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് ഗവ.വനിതാ കോളേജ് നാലാമതും 64 പോയിന്റുമായി കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് അഞ്ചാം സ്ഥാനത്തുമാണ്. അവസാന ദിവസമായ ഇന്ന് നടക്കുന്ന മത്സരങ്ങളാണ് ചാമ്പ്യന്മാരെ നിശ്ചയിക്കുക. വിധി കർത്താവിന് പണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർ ഇവാനിയോസ് വിജയിച്ച മാർഗംകളിയുടെ ഫലം സംഘാടക സമിതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവാനിയോസ് ഒന്നാം സ്ഥാനം നേടിയ തിരുവാതിര കളിയുടെ ഫലവും യൂണിവേഴ്സിറ്റി കോളേജിന്റെ പരാതിയിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന സർവകലാശാല യൂണിയൻ മരവിപ്പിച്ചിരിക്കുകയാണ്.
കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, സെനറ്റ് ഹാൾ പരിസരങ്ങളിൽ സംഘർഷത്തിന് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.