
പഠനരീതികൾ താഴ്ന്ന ക്ളാസുകൾ തൊട്ടുതന്നെ പാടെ മാറിയ കാലമാണ് നമ്മുടേത്. അതിന് അനുസരിച്ച് പഠന സാമഗ്രികളും മാറി. കംപ്യൂട്ടറും ലാപ്ടോപ്പും മൊബൈൽ ഫോണും ഓൺലൈൻ ക്ളാസുകളും ട്യൂട്ടോറിയൽ ആപ്ളിക്കേഷനുകളും ഉൾപ്പെടെയുള്ള നൂതന പഠനോപാധികൾ അനായാസം ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിലും, മഹാഭൂരിപക്ഷം കുട്ടികളും ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത് പാഠപുസ്തകങ്ങളെത്തന്നെ. അവരുടെ എണ്ണം എത്രയായാലും, മുഴുവർ പേരുടെയും വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നാണ് ഈ സർക്കാരിന്റെ നയവും നിലപാടും.
പാഠപുസ്തകങ്ങൾ കൃത്യസമയത്ത് കൈയിൽ കിട്ടുകയെന്നത് പഠിതാവിനെ അംഗീകരിക്കലാണ്. സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുവാൻ ഈ സർക്കാരിന് മുൻ അദ്ധ്യയന വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. ഈ വർഷവും അതിനു സാധിക്കുന്നുവെന്നത് ആഹ്ളാദകരവും അഭിമാനകരവുമാണ്. പരിഷ്‌കരിക്കാത്ത പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുകയെങ്കിലും, പരിഷ്‌കരിച്ച ടെക്സ്റ്റ് ബുക്കുകളും മേയ് മാസം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അക്കാഡമിക് രംഗത്ത് വലിയ പിഴവുകൾ വരുത്തിയ യു.ഡി.എഫ് ഭരണകാലം പൊതുവിദ്യാഭ്യാസ മേഖലയുടെ കെട്ട കാലമായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ ഈ പിഴവുകളെ മറികടക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ബദൽ പാഠവും
പ്രതിരോധവും
പാഠപുസ്തക ഉള്ളടക്കങ്ങളിൽ ഇടപെട്ട് സ്വന്തം താത്പര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുവാനും കേരളത്തിനു കഴിഞ്ഞു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, സോഷ്യോളജി പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോൾ, അവ ഉൾക്കൊള്ളിച്ച് നാലു വിഷയങ്ങളിലാണ് അധിക പുസ്തകങ്ങൾ പുറത്തിറക്കിയത്. ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യവസായിക വിപ്ലവം, ഇന്ത്യാ ചരിത്രം തുടങ്ങിയവയും, പൊളിറ്റിക്കൽ സയൻസിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയുമാണ് ബദൽ പാഠപുസ്തകങ്ങളിലൂടെ ഉൾപ്പെടുത്തിയത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, അവ കൃത്യമായി കുട്ടികൾക്ക് വിനിമയം ചെയ്യുന്നതിനും ബദൽ പാഠപുസ്തകങ്ങൾ അനിവാര്യമാണെന്നാണ് അക്കാഡമിക് സമൂഹം വിലയിരുത്തുന്നത്.
ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങളിൽ വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചപ്പോൾത്തന്നെ കേരളം ശക്തമായി പ്രതികരിച്ചിരുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ കേരളം തന്നെ തയ്യാറാക്കുകയാണ്. അതുകൊണ്ട്, ആ ക്ലാസുകളിലെ വെട്ടിച്ചുരുക്കലുകൾ കേരളത്തെ ബാധിക്കില്ല. എന്നാൽ 11, 12 ക്ലാസുകളിൽ കേരളം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആ പുസ്തകങ്ങളിൽ മേൽപ്പറഞ്ഞ മാറ്റം വരുത്തിയപ്പോഴാണ് ബദൽ പാഠപുസ്തകത്തിലൂടെ കേരളം ശക്തമായി പ്രതികരിച്ചത്.
പാഠ പരിഷ്കരണം
എന്തിനെല്ലാം?
കേരളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യവും മാർഗവും അടിയുറപ്പിച്ചിരിക്കുന്നത്,
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, തുല്യത, ശാസ്ത്രബോധം എന്നിവയിലാണ്. വിവിധ സാമൂഹിക അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വിദ്യാഭ്യാസമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അറിവിനെയും അദ്ധ്വാനത്തെയും പരസ്പരബന്ധിതമായും പരസ്പരപൂരകമായും കാണുന്നതിനും, അദ്ധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും, അനുദിനം വികസിക്കുന്ന ശാസ്ത്ര- സാങ്കേതിക വിദ്യകളെ ജീവിതസാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ പാഠ്യപദ്ധതി നിർദ്ദേശങ്ങൾ സഹായകമാകും.
കൃത്യസമയത്ത് പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ, അത് കേന്ദ്രീകൃത പാഠപുസ്തകത്തിനായി ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികൾക്കെതിരായ സമരം കൂടിയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ചില കോണുകളിൽ നിന്ന് ചില വിമർശനങ്ങൾ ഉയർന്നുവരുന്നതായും ശ്രദ്ധയിൽപ്പെട്ടു. കഴമ്പുള്ള വിമർശനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുവാൻ ഒരു മടിയുമില്ല. അതുതന്നെയാണ് കരിക്കുലം പരിഷ്‌കരണത്തിന്റെ തുടക്കത്തിൽ ഞാൻ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ ചിലർ വിവാദത്തിനു ശ്രമിച്ചതും അതൊക്കെ പരാജയപ്പെട്ടതും ഓർമയുണ്ടല്ലോ!
രക്ഷിതാവിനും
പരിശീലനം
പാഠപുസ്തക പരിഷ്‌കരണംകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാകില്ല. അതിനനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനം ക്ലാസ് മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ടത് നമ്മുടെ അദ്ധ്യാപകരാണ്. പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അദ്ധ്യാപകർക്കുള്ള ടീച്ചർ ടെക്സ്റ്റ് വികസിപ്പിക്കുന്നതിനും,അവർക്ക് നല്ല പരിശീലനങ്ങൾ നൽകുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള കൈപ്പുസ്തകവും തയ്യാറാക്കും. ഇവ രണ്ടും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യും.
പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾ മേയ് ആദ്യവാരം തന്നെ വിദ്യാലയങ്ങളിലെത്താൻ പോവുകയാണ്. പുതിയ കാലത്തിന്റെ സവിശേഷ സാഹചര്യങ്ങളെ പരിഗണിച്ചും, വരാനിരിക്കുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ടുമാണ് പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തീകരിക്കുന്നത്. വരുന്ന വേനൽകാലത്തെ അദ്ധ്യാപക ശാക്തീകരണം പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും, അക്കാഡമിക് മികവ് വർദ്ധിപ്പിക്കുന്നതിനുമുള്ള പരിശീലനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതോടു കൂടിത്തന്നെ രക്ഷിതാക്കളുടെ കൈപ്പുസ്തകം മുൻനിറുത്തിയുള്ള പരിശീലനവും തുടങ്ങും.
രാജ്യത്ത് അക്കാഡമിക് രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികൾ സംഭവിക്കുമ്പോൾ അതിനെ അക്കാഡമികമായിത്തന്നെ ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെയും തുടക്കത്തിൽ ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.