കൊച്ചി: കതൃക്കടവിലെ ഇടശേരി ബാറിൽ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിക്ക് തോക്ക് നൽകിയ തിരുവനന്തപുരം സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ്. അടുത്തദിവസം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം. ഒരാളെ വെട്ടി പരിക്കേൽപ്പിച്ചതിനാണ് ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്.

അതേസമയം തിരുവനന്തപുരം സ്വദേശിക്ക് തോക്കുനൽകിയ ആൾ മരിച്ചെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തിൽ വിനീതിന്റെ (കോമ്പാറ വിനീത് 37) വീട്ടിൽനിന്ന് ബാറിൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിരുന്നു. രണ്ടിലും തിരകൾനിറച്ച നിലയിലായിരുന്നു. ഇതേത്തുടർന്നാണ് നാടൻതോക്ക് നിർമ്മിച്ചു വിതരണം ചെയ്യുന്ന സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസിലെ 15 പ്രതികളുടെയും തിരിച്ചറിയൽ പരേഡ് പൂർത്തിയായി. കഴിഞ്ഞമാസം 11ന് രാത്രിയാണ് വിനീതും നാല് കൂട്ടാളികളും ബാർ ജീവനക്കാരെ മർദിക്കുകയും വെടിവയ്ക്കുകയും ചെയ്തത്.