
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11 നാണ് പരിപാടി. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയാകും.
അവധിക്കാലത്ത് കുട്ടികൾക്ക് അടുത്ത അദ്ധ്യയന വർഷത്തെ പാഠഭാഗങ്ങൾ പരിചയപ്പെടാനും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പിനുമാണ് 2,4,6,8,10 ക്ലാസ്സുകളുടെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. 2024- 25 വർഷം പുതുക്കുന്ന 1,3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങൾ മേയ് ആരംഭത്തിൽ കുട്ടികൾക്ക് ലഭ്യമാക്കാൻ ഒരുക്കങ്ങൾ നടക്കുകയാണ്.
സ്റ്റോപ്പുകൾ കൂട്ടി
തിരുവനന്തപുരം: നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് വ്യാഴാഴ്ച മുതൽ കാപ്പിൽ, ഇരവിപുരം, പെരിനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. വൈകിട്ട് നാലിന് കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പുതിയ സ്റ്റോപ്പ് ഫ്ളാഗ് ഓഫ് ചെയ്യും.
കെ. ബൈജുനാഥ് ചുമതലയേറ്റു
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം ലഭിച്ചതിനെ തുടർന്ന് കമ്മിഷനിൽ ചുമതലയേറ്റു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ നിയമനകാര്യ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ബൈജുനാഥിനെ നിയമിച്ചത്. വയനാട് ജില്ലാ ജഡ്ജിയായിരിക്കെയാണ് കമ്മിഷൻ ജുഡിഷ്യൽ അംഗമായി നിയമിതനായത്. കോഴിക്കോട് സ്വദേശിയാണ്.