
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് അഞ്ച് വർഷം കൊണ്ട് 4000കോടിയുടെ പദ്ധതികളാണ് അദാനി നടപ്പാക്കുക.അന്താരാഷ്ട്ര ടെർമിനലിന് തൊട്ടരികിലായി 240മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുള്ള പദ്ധതി സർക്കാരിന്റെ അനുമതിക്ക് നൽകിക്കഴിഞ്ഞു. ഇതാണ് ആദ്യം നടപ്പാക്കുക.ടെർമിനലിന്റെ വികസനമാണ് അടുത്തത്.റൺവേ വികസനത്തിന് ബ്രഹ്‌മോസിനടുത്തെ ഭൂമി നൽകണമെന്ന് അദാനിയുടെ ആവശ്യപ്രകാരം എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളൊരുക്കി, യാത്രക്കാരെ ആകർഷിച്ച് വിമാനത്താവള നടത്തിപ്പ് ലാഭകരമാക്കാനാണ് നീക്കം. ചാക്കയിലെ ടെർമിനലിന്റെ വലതു ഭാഗത്താണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക. 240മുറികളുള്ള,660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിലേക്കെത്താനുള്ള ഫ്ലൈഓവർ ഇറങ്ങിവരുന്നിടത്താണ് നിർമ്മാണം. അദാനി ഹോട്ടൽ നിർമ്മിച്ച്,നടത്തിപ്പ് ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. യാത്രക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമാവും. നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാർ ഉൾപ്പെടെയുള്ളവരെയും വിമാനക്കമ്പനികൾ കോവളത്തും നഗരത്തിലുമുള്ള ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാരെ താമസിപ്പിക്കാനുമാവും.അന്താരാഷ്ട്ര ടെർമിനലിന്റെ 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുക.
2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുക. വികസനത്തിന് സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം.വിമാനത്താവളം ലോകനിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനിഗ്രൂപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര ടെർമിനൽ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതി ഒഴിവാക്കും. യാത്രക്കാർക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും.നിലവിൽ 1600യാത്രക്കാരെയേ അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാവൂ.
യാത്രക്കാർ
41.48ലക്ഷം
കഴിഞ്ഞവർഷം 41.48ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. ഡിസംബറിൽ മാത്രം നാലുലക്ഷത്തിലേറെ പേരാണ് യാത്രചെയ്തത്.
ആഭ്യന്തര യാത്രക്കാരാണ് കൂടുതൽ. 2023ൽ 22ലക്ഷം ആഭ്യന്തര യാത്രക്കാരും 19ലക്ഷം അന്താരാഷ്ട്ര യാത്രക്കാരുമാണുണ്ടായിരുന്നത്.
ആഭ്യന്തര,അന്താരാഷ്ട്ര സർവീസുകൾ കൂട്ടിയും, കൂടുതൽ നഗരങ്ങളിലേക്ക് കണക്ടിവിറ്റിയുണ്ടാക്കിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
₹60,000 കോടി
തിരുവനന്തപുരം അടക്കം 7വിമാനത്താവളങ്ങളുടെ വികസനത്തിനായി അദാനി ചെലവിടുന്നത്