
പോത്തൻകോട്: മംഗലപുരത്തിന് സമീപം തോന്നയ്‌ക്കലിൽ പ്രവർത്തിക്കുന്ന വാഹന ഷാേറൂമിലുണ്ടായ തീപിടിത്തത്തിൽ പുതിയ ബസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു.
ഐഷർ കമ്പനിയുടെ അംഗീകൃത ഷാേറൂമിൽ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്നുള്ള അറ്റകുറ്റപ്പണിക്ക് ഷാേറൂമിലെ സർവീസ് സെന്ററിലെത്തിച്ച മിനിലോറിയിൽ നിന്നാണ് ആദ്യം തീപടർന്നത്. തുടർന്ന് തൊട്ടടുത്ത് കിടന്ന പുതിയ ബസിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സർവീസിനായി ഷോറൂമിന് സമീപമെത്തിച്ച കിംസ് നഴ്സിംഗ് കോളേജിന്റെ ബസിനും കേടുപാടുണ്ടായി.
അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്,കല്ലമ്പലം,കഴക്കൂട്ടം,ചാക്ക എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളുടെ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ കെടുത്താനായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലിസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.