photo

നെടുമങ്ങാട് : മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഗോദയിൽ ഇറങ്ങിയതോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ തിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശമേറി.ബൂത്ത് തല പ്രവർത്തകരെയും പൗരപ്രമുഖരെയും നേരിൽക്കണ്ടും കവലകൾ സന്ദർശിച്ചും ലാന്റിംഗ് കളറാക്കാൻ സ്ഥാനാർത്ഥികൾക്കായി. ചുമരെഴുത്തിലും പോസ്റ്റർ പ്രചാരണത്തിലും ഒപ്പത്തിനൊപ്പം തന്നെയുണ്ട് മൂവരും.നിയമസഭ മണ്ഡലങ്ങളിൽ ആദ്യ റൗണ്ട് പര്യടനം പിന്നിട്ട് റോഡ് ഷോയുടെ തിരക്കിലാണിപ്പോൾ.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയ് ഇന്നലെ കാട്ടാക്കട മണ്ഡലത്തിൽ പര്യടനം നടത്തി.രാവിലെ കാട്ടാക്കട മാർക്കറ്റിൽ നിന്നാരംഭിച്ച റോഡ്ഷോ വൈകിട്ട് നരുവാമൂട് സമാപിച്ചു.ബൂത്ത് അടിസ്ഥാനത്തിൽ ബൈക്കുകളിൽ ചെങ്കൊടി പിടിച്ച് പ്രവർത്തകർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.ഐ.ബി.സതീഷ് എം.എൽ.എ സന്നിഹിതനായി.ഇന്ന് രാവിലെ ഓട്ടം മഹോത്സവം നടക്കുന്ന നെടുമങ്ങാട് മുത്താരമ്മൻ, മുത്തുമാരിയമ്മൻ,മേലാങ്കോട് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും.14 ന് എൽ.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കൺവൻഷൻ ശ്രീവിദ്യ ഓഡിറ്റോറിയായതിൽ കൺവീനർ ഇ.പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 15 ന് കരകുളത്തും 20 ന് കോലിയക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്. വി.ശശി എം.എൽ.എ ചെയർമാനും എ.എ.റഹിം എം.പി ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ബൂത്തുതലത്തിൽ ശദ്ധ കൊടുത്ത്

യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നെടുമങ്ങാട് മണ്ഡലത്തിലാണ് റോഡ് ഷോ നടത്തിയത്.ഓട്ടം മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചതിന് ശേഷം സത്രംമുക്കിൽ നിന്നാരംഭിച്ച റോഡ് ഷോ പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ എതിരേറ്റത്‌.ചന്തമുക്കിലെ മുസ്ലിം,ക്രിസ്ത്യൻ ദേവാലയങ്ങളിലും അടൂർ പ്രകാശ് അനുഗ്രഹം തേടിയെത്തി. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെയും മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെയും മേൽനോട്ടത്തിലാണ് യു.ഡി.എഫ് പ്രചാരണം മുന്നേറുന്നത്.ഈ തിരഞ്ഞെടുപ്പിൽ ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകുകയെന്ന് പാലോട് രവി കേരളകൗമുദിയോട് പറഞ്ഞു.എ.ബി.സി എന്നിങ്ങനെ പട്ടിക തിരിച്ചാണ് ബൂത്ത് കൺവൻഷനുകൾ പ്ലാൻ ചെയ്തിട്ടുള്ളത്. 25,26,27 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബി.എൽ.ഒമാരുടെയും ക്യാമ്പ് നടക്കും.18 ന് ആറ്റിങ്ങൽ മാമം ഓഡിറ്റോറിയത്തിലാണ് അടൂർ പ്രകാശിന്റെ ഇലക്ഷൻ കൺവൻഷൻ ചേരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും. 26 നകം നിയമസഭാ മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കും.

ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ചന്തമുക്കിൽ ഏകദിന സത്യഗ്രഹം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്രസഹമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്താണ് ചുവടു വയ്ക്കുന്നത്.ഇന്നലെ കവല സന്ദർശനം പൂർത്തിയാക്കി. ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും വിട്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.ഓരോ പ്രദേശത്തെയും സമുദായ സംഘടന ഭാരവാഹികളുമായി നേരിൽക്കണ്ട് ബന്ധമുറപ്പിച്ചാണ് പ്രചാരണം.കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുടെ ഡിജിറ്റൽ വിഡിയോപ്രദർശന വാഹനങ്ങൾ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പര്യടനം ആരംഭിച്ചു.ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് പ്രസിഡന്റും അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് കൺവീനറുമായ പ്രചാരണ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. സ്ഥാനാർത്ഥി ഇന്നലെ നെടുമങ്ങാടും ആറ്റിങ്ങലിലും വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായി വൈകിട്ട് ഡൽഹിയിലേക്ക് പോയി. 13 ന് മടങ്ങി വന്ന ശേഷം കൺവൻഷനുകളിലേയ്ക്ക് കടക്കും.