
ശംഖുംമുഖം: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 21 ലക്ഷത്തിന്റെ സ്വർണവും 23ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.ദുബായിൽ നിന്നെത്തിയ തമിഴ്നാട് രാമനാഥപുരം കടലുണ്ടി സ്വദേശി തൗഫീഖ് റഹ്മാനാണ് സ്വർണം കടത്തിയ കേസിൽ പിടിയിലായത്.
324.140 ഗ്രാം തൂക്കം വരുന്ന സ്വർണം വിവിധ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ ലഗേജുകൾ സ്‌കാനറിൽ പരിശോധനയ്ക്ക് ഇട്ടപ്പോൾത്തന്നെ സ്വർണമുണ്ടെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയിരുന്നു. തുടർന്ന് ലഗേജിൽ മാർക്കിംഗ് ഇട്ടു. എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ലഗേജിൽ മാർക്കിംഗ് കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവച്ച് പരിശോധന നടത്തുകയായിരുന്നു.ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറഞ്ഞ അളവിൽ വിവിധ പാത്രങ്ങളിലായി സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരുടെ പക്കൽ നിന്ന് 3.03 ലക്ഷത്തോളം രൂപ വിലവരുന്ന 17830 പായ്ക്കറ്റ് വിദേശ സിഗരറ്റുകളും എയർകസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടി.ഇതിന് പുറമേ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഷാർജയിൽ നിന്നും ദുബായിൽ നിന്നും വന്ന യാത്രക്കാരിൽ നിന്ന് 22.16 ലക്ഷത്തോളം രൂപ വിലവരുന്ന 130400 പായ്ക്കറ്റ് വിദേശ സിഗരറ്റുകളും എയർകസ്റ്റംസ് പിടികൂടിയിരുന്നു.