nda

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയിലെ ഒ.പനീർശെൽവം വിഭാഗം, ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, പട്ടാളി മക്കൾ കക്ഷി, ഡി.എം.‌ഡി.കെ പാർട്ടികളെ എൻ.ഡി.എ സഖ്യത്തിലുൾപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി. എ.ഡി.എം.കെയുമായുള്ള പിണക്കം മാറ്റുന്നതിനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണിത്.

ഇന്നലെ ബി.ജെ.പി നേതൃത്വവുമായി ഒ.പി.എസും ദിനകരനും ചർച്ച നടത്തിയിരുന്നു. പി.എം.കെ നേതാക്കൾ അതിനു മുമ്പും ചർച്ച നടത്തി. പി.എം.കെ ചെയർമാൻ എസ്.രാമദോസിന് അണ്ണാ ഡി.എം.കെ സഖ്യത്തിൽ പോകാനായിരുന്നു താൽപര്യമെങ്കിലും മകൻ ഡോ.അൻപുമണി രാമദോസിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് എൻ.ഡി.എ സഖ്യത്തിൽ തുടരാൻ തീരുമാനിച്ചതെന്നാണ് വിവരം. സീറ്റുകളുടെ കാര്യത്തിൽ ധാരണയാകാത്തതിനാൽ ഡി.എം.ഡി.കെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.പാർട്ടി അദ്ധ്യക്ഷ പ്രേമലത അണ്ണാ ‌ഡി.എം.കെ നേതൃത്വവുമായും ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എൻ.ഡി.എയിലേക്ക് കൂടുതൽ കക്ഷികളെ എത്തിക്കുന്നതിനായി കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മൂന്നംഗ കേന്ദ്ര സംഘം ചെന്നൈയിൽ എത്തിയിട്ടുണ്ട്. എൻ.ഡി.എയിലുള്ള സമത്വ മക്കൾ മുന്നേറ്റ കക്ഷി നേതാവും നടനുമായ ശരത്കുമാറും ചർച്ചയിൽ മദ്ധ്യസ്ഥന്റെ റോളിൽ പങ്കെടുക്കുന്നു.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ എത്തുമ്പോൾ എൻ.ഡി.എ വിപുലീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

ആവശ്യങ്ങൾ ഇങ്ങനെ

 ഒ.പി.എസ് : മത്സരിക്കാൻ 20 സീറ്റുകൾ, ഭരണം ലഭിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം

 പി.എം.കെ: ധർമ്മപുരി, ചെന്നൈ മേഖലയിലെ എല്ലാ സീറ്റുകളും, രാജ്യസഭാസീറ്റ്

 അമ്മ മക്കൾ മുന്നേറ്റ കഴകം: മത്സരിക്കാൻ 10 സീറ്റുകൾ, കേന്ദ്രമന്ത്രി സ്ഥാനം

 ഡി.എം.ഡി.കെ: രാജ്യസഭാസീറ്റ് പ്രധാന ആവശ്യം

പുതുച്ചേരിയിൽ നിർമ്മല?

എൻ.ഡി.എ ഭരിക്കുന്ന പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ മത്സരിപ്പിക്കുന്ന കാര്യം ബി.ജെ.പിയുടെ പരിഗണനയിലുണ്ട്. രാമനാഥപുരത്ത് നരേന്ദ്രമോദി മത്സരിക്കാനെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വിജയ സാദ്ധ്യത പരിഗണിച്ചു മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ