
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നേമം പൊലീസ് സ്റ്റേഷന് മുൻവശം രാത്രിയും പകലുമില്ലാതെ സദാസമയവും അപകടം പതിയിരിക്കുന്ന തുരുത്തായി മാറുന്നു.
നേമം സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ദേശീയപാതയുടെ വശത്തായി നിരത്തിയിട്ടിരിക്കുന്നതാണ് അപകടത്തിന് പ്രധാന കാരണം. ജെ.സി.ബിയും ടിപ്പറും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ അനാസ്ഥയുടെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി സ്റ്റേഷന് മുന്നിലുണ്ടായ അപകടത്തിൽ മരിച്ച അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും. രാത്രി 9.30ഓടെ കുഞ്ഞിനെ പൊലീസ് സ്റ്റേഷന് എതിർവശത്തെ ക്ലീനിക്കിലെ ഡോക്ടറെ കാണിച്ച ശേഷം ഇരുചക്രവാഹനത്തിൽ വന്ന കല്ലിയൂർ വള്ളംകോട് കല്ലുവിള വീട്ടിൽ അഖിൽ,ഭാര്യ ശരണ്യ (27),മക്കളായ അജിദേവ്,ആദിദേവ് (9 മാസം) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
റോഡിലേക്ക് തെറിച്ചുവീണ ശരണ്യയും ആദിദേവും മരണപ്പെട്ടു. അഖിലും അജിദേവും ചികിത്സയിലാണ്. പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് യൂ ടേൺ എടുക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലെ ഡിവൈഡറിന് വീതി കൂടുതലായതിനാൽ താരതമ്യേന ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. ഇതോടൊപ്പം റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങൾ കൂടി നിരത്തിയിട്ടിരിക്കുന്നതിനാൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഇവിടം കടന്നുപോകാൻ വാഹനയാത്രക്കാർ പെടാപ്പാട് പെടുന്നുണ്ട്.
ഈ അവസ്ഥ കാരണം കാൽനട യാത്രക്കാർ റോഡിലൂടെ നടന്നുപോകുന്നതും വലിയ അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാത്രിയാൽ പ്രദേശത്ത് വെളിച്ചവും കുറവാണ്. നഗരത്തിലെ പല സ്റ്റേഷനുകളിലും ഇത്തരത്തിൽ പൊലീസ് കേസിൽപ്പെടുന്ന വാഹനങ്ങൾ റോഡരിൽ കുന്നുകൂടുന്നത് പതിവാകുകയാണ്. വാഹനങ്ങൾ ഇവിടെ നിന്ന് മാറ്റിയാൽ ദുരന്തങ്ങൾ ഒഴിവാക്കാമെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു.
സ്റ്റേഷന് മുന്നിലെ വാഹനങ്ങളുടെ എണ്ണം ദിവസേന കൂടുകയാണ്.
നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്.
പൊലീസ് സ്റ്റേഷന് സമീപത്തെ വ്യാപാരി