pozhiyur

തിരുവനന്തപുരം: പൊഴിയൂരിലെ കടൽകയറുന്ന പ്രശ‌്‌നം പഠിക്കാൻ കേന്ദ്രസംഘമെത്തി. കഴിഞ്ഞദിവസം പൊഴിയൂർ സന്ദർശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോട് ഇതേക്കുറിച്ച് ജനങ്ങൾ പറഞ്ഞിരുന്നു. പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവക സഹവികാരി ഫാ.ജ്രോഷ് ജേക്കബ് മന്ത്രിക്ക് നിവേദനവും നൽകി.

കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് തിങ്കളാഴ്‌ച തന്നെ ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ബാംഗ്ളൂർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റൽ എൻജിനിയറിംഗ് ഫോർ ഫിഷറിസ് (സി.ഐ.സി.ഇ.എഫ്) ഡയറക്ടർ വെങ്കിടേഷ് പ്രസാദ്,ഡെപ്യൂട്ടി ഡയറക്ടർ നാഗരാജ് എന്നിവർ ഇന്നലെ പൊഴിയൂരിലെത്തി.

പൊഴിക്കര,കൊല്ലങ്കോട് തുടങ്ങിയ മേഖലകളിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം തീരദേശ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങൾ, തീരം കയറുന്നതുൾപ്പെടെ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി ഉടൻ സർക്കാരിന് സമർപ്പിക്കും. ഫാദർ ജ്രോഷ് ജോക്കബിനെയും കേന്ദ്രസംഘം സന്ദർശിച്ചു.

ബി.ജെ.പി ന്യൂനപക്ഷമോർച്ച പൊഴിയൂർ മണ്ഡലം പ്രസിഡന്റ് വിജയൻ ക്ളമന്റ്, പൊഴിയുർ ഏരിയാ പ്രസിഡന്റ് അഡ്വ.അഴകേശൻ തുടങ്ങിയവർ കേന്ദ്ര സംഘവുമായി സംസാരിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.