general

ബാലരാമപുരം: സ്ഥാനാർത്ഥിപ്രഖ്യാപനം വന്നെത്തിയതോടെ കൈത്തറിനാടായ ബാലരാമപുരവും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇടതു-ബി.ജെ.പി മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം നേരത്തെ ആരംഭിച്ചെങ്കിലും പിന്നാലെ ‌‌‌യു.ഡി.എഫും ശശിതരൂരിനായി രംഗത്ത് എത്തിയിരിക്കുകയാണ്. സിറ്റിംഗ് എം.പിയെന്ന ആനുകൂല്യം ശശിതരൂരിനാണെങ്കിലും കേന്ദ്രമന്ത്രിയെന്ന നിലയിൽ രാഹുൽ ചന്ദ്രശേഖരും മുൻ എം.പിയും സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രനും എത്തിയതോടെ തിരഞ്ഞെടുപ്പ് ആവേശത്തിലായി. തിരുവനന്തപുരം മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി രാഹുൽ ചന്ദ്രശേഖർ തലയൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് വോട്ടർമാരെ കാണാനെത്തിയത്. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിലെ ശിവജയന്തി ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. ചുമരെഴുത്തും ബാനർപതിപ്പിക്കലും കഴിഞ്ഞതോടെ യു.ഡി.എഫ് രംഗവും വൻ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിട്ടുണ്ട്. ബൂത്ത് തലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ തന്നെ ശശിതരൂരിന്റെ പേരുകൾ ചുമരുകളിൽ സജീവമായി.മണ്ഡലം ചുമതലകൾ കഴിഞ്ഞ ദിവസം കൈമാറിയതോടെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചതായി കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി തിരുവനന്തപുരം പാർലമെന്റ് സ്ഥാനാത്ഥി പന്ന്യൻ രവീന്ദ്രൻ നെയ്യാറ്റിൻകര മണ്ഡലത്തിൽ റോഡ് ഷോയിലൂടെ ആവേശോജ്ജ്വവ സ്വീകരണം ഏറ്റുവാങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. പന്ന്യൻ രവീന്ദ്രന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കാട്ടാക്കട ബാങ്ക് എംപ്ലോയീസ് ഹാളിൽ ഇന്ന് വൈകുന്നേരം 5ന് നടക്കും.