കാട്ടാക്കട: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് റോഡിലെ പോസ്റ്റുകൾ മാറ്റിക്കൊണ്ടിരുന്ന ആര്യനാട് കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെ കോട്ടൂർ കാപ്പുകാട് വച്ചായിരുന്നു സംഭവം.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ആര്യനാട് കോട്ടയ്ക്കകം വയലരിക്കത്ത് വീട്ടിൽ അജീഷ് (38), ആര്യനാട് കഞ്ഞിരംമൂട് കുമാർ ഭവനിൽ ദിനീഷ് (34),ആര്യനാട് കോട്ടയ്ക്കകം തടിക്കട വീട്ടിൽ ശ്രീനുകുമാർ (34) എന്നിവരാണ് മർദ്ദനത്തിൽ പരിക്കേറ്റ് ആര്യനാട് ഗവ.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കോൺട്രാക്ടർ ശ്രീദാസ്,ശലോമോൻ,ഷിബു,നടരാജൻ,വിപിൻ എന്നിവർക്കും മർദ്ദനമേറ്റു. സംഭവത്തിൽ കോൺട്രാക്ടർ ശ്രീദാസിന്റെ മൊബൈൽ ഫോണും അജീഷിന്റെ രണ്ട് പവൻ മാലയും നഷ്ടമായി. മാസങ്ങൾക്കു മുൻപ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്തു വച്ച് മണ്ണുകടത്തുകാരുടെ ടിപ്പറുകൾ ദിനീഷ് തടഞ്ഞിടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ദിനീഷിനെ സംഘം ആക്രമിക്കുന്നതു കണ്ട് മറ്റുള്ളവർ പിടിച്ചു മാറ്റുമ്പോഴാണ് മറ്റുള്ളവർക്കും മർദ്ദനമേറ്റത്. പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും ഉടൻ അറസ്റ്റിലാകുമെന്നും നെയ്യാർ ഡാം പൊലീസ് അറിയിച്ചു.