തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നതിനിടെ ജുവലറിയിൽ വിൽക്കാൻ കൊണ്ടുപോയ ആഭരണങ്ങൾ മോഷ്ടിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ പേരൂർക്കട തുരുത്തുമൂല ഇന്ത്യനഗർ മുളവൻകോട് ഹൗസിൽ ഷബീനയുടെ ബാഗിൽ നിന്നാണ് 10 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായത്. ഇന്നലെ രാവിലെ 9ന് പേരൂർക്കട ബസ് സ്‌റ്റാൻഡിലായിരുന്നു സംഭവം.

പൊലീസ് പറഞ്ഞത്: കിഴക്കേകോട്ടയിലേക്ക് പോകുന്ന സ്വിഫ്റ്റ് ബസിൽ കയറുന്നതിനിടെയാണ് പഴ്‌സിലാക്കി ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണം നഷ്ടമായത്. ബസിൽ കയറി ഷബീന ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോഴാണ് ബാഗ് തുറന്നിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പഴ്സ് കാണാനില്ലാത്തതിനെത്തുടർന്ന് ഇവർ കരഞ്ഞു നിലവിളിച്ചതോടെ ജീവനക്കാർ ബസ് നിറുത്തി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും മോഷ്‌ടാവിനെ പിടികൂടാനായില്ല. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.

ഗവേഷക വിദ്യാർത്ഥിയായ മകൾക്കു വിദേശത്തേക്കു പോകാനുള്ള ടിക്കറ്റും വീസയും എടുക്കാനായാണ് ആഭരണങ്ങൾ വിൽക്കാൻ കൊണ്ടു പോയതെന്ന് ഷബീന പറഞ്ഞു. ഒരുപവൻ വീതമുള്ള മൂന്നുസ്വർണ നാണയങ്ങളും ഏഴുപവന്റെ സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്. പേരൂർക്കട പൊലീസ് കേസെടുത്തു.