1

വിഴിഞ്ഞം: യുവാക്കൾക്ക് മാതൃകയായ യുവ ക്ഷീരകർഷകൻ മിൽമയുടെ അവാർഡ് തിളക്കത്തിൽ. 250ഓളം പശുക്കളെ വളർത്തുന്ന വെങ്ങാനൂർ കിടാരക്കുഴി വിജയവിലാസത്തിൽ ജെ.എസ്.സജുവാണ് (40) മികച്ച ക്ഷീര കർഷകനുള്ള മിൽമ തിരുവനന്തപുരം മേഖലായൂണിയന്റെ അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞദിവസം മന്ത്രി ജെ.ചിഞ്ചുറാണി സജുവിന് അവാർഡ് സമ്മാനിച്ചു.

പിതാവിന് പശുക്കളുണ്ടായിരുന്നു. പിന്നീട് അദ്ധ്വാനിച്ചും പാൽ വിറ്റുകിട്ടുന്ന തുക സ്വരൂക്കൂട്ടിയും പശുക്കളുടെ എണ്ണം കൂട്ടി. ഇപ്പോൾ പശുക്കളും എരുമകളുമായി ഫാമിൽ 300 ലേറെയുണ്ട്. ദിവസവും 2,500 ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 25 ലിറ്റർ പാൽ മാത്രമാണ് പ്രദേശവാസികൾക്ക് വിൽക്കുന്നത്. ബാക്കി പാൽ ഉച്ചക്കടയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തിന് നൽകും.

ജില്ലയിൽ സൊസൈറ്റിക്ക് ഏറ്റവും കൂടുതൽ പാൽ നൽകുന്ന കർഷകനും സജുവാണ്. മികച്ച ക്ഷീരകർഷകനുള്ള വർഗീസ് കുര്യൻ അവാർഡ് നാലുതവണയും സംസ്ഥാനസർക്കാരിന്റെ ക്ഷീര കർഷക അവാർഡ് രണ്ടുതവണയും ലഭിച്ചു. സഹോദരൻ മനുവും സഹായിയായുണ്ട്. ഫാർമസിസ്റ്റായ അജിതാ ദേവിയാണ് സജുവിന്റെ ഭാര്യ. മക്കൾ:അനശ്വര,ആദിത്യ.

പശുവളർത്തൽ നാടൻ രീതിയിൽ

സജുവിന്റെ ഫാമിൽ നാടൻ പശുക്കളാണ് ഏറെയും. കറവയ്ക്ക് മെഷീൻ ഉപയോഗിക്കാറില്ല. ചൂടിന് ആശ്വാസമായി ഫാൻ സ്ഥാപിച്ചിട്ടുണ്ട്. പശുക്കളുടെ ചാണകം ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കും. ഈ വാതകമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പാട്ടത്തിനെടുത്ത 10 ഏക്കർ സ്ഥലത്ത് പച്ചപ്പുല്ല് വളർത്തുന്നുണ്ട്.